ദില്ലി: മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ് പുറത്തിറങ്ങിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുകി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. ഈ കാലയളവില്‍ 2.7 ലക്ഷത്തിലധികം യൂണിറ്റ് സിയാസ് ഇന്ത്യയില്‍ വിറ്റതായി മാരുതി സുസുക്കി അറിയിച്ചു. 

നിലവില്‍ സ്വന്തം സെഗ്‌മെന്റില്‍ 30 ശതമാനത്തില്‍ കൂടുതലാണ് മാരുതി സുസുകി സിയാസിന്റെ വിപണി വിഹിതം. 2016-17, 2017-18, 2018-19 എന്നിങ്ങനെ മൂന്ന് തുടര്‍ച്ചയായ സാമ്പത്തിക വര്‍ഷങ്ങളില്‍ സെഗ്‌മെന്റ് ലീഡറായിരുന്നു സിയാസ്. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 54 ശതമാനത്തിലധികം ആല്‍ഫ എന്ന ടോപ് വേരിയന്റാണെന്ന് മാരുതി സുസുകി പറയുന്നു. മാത്രമല്ല, സിയാസിന്റെ ആകെ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം നടന്നത് മെട്രോ നഗരങ്ങളിലും ഒന്നാം നിര വിപണികളിലുമായിരുന്നു.

വാഹനത്തിന്റെ രണ്ടാം പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.  സ്‍മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ, 1.3 ലിറ്റര്‍ ഡീസല്‍ എൻജിനുകളാണ് സിയാസിന്‍റെ ഹൃദയം. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.  ഇതിന് പുറമെ, പെട്രോള്‍ മോഡലില്‍ എസ്.എച്ച്.വി.എസ് സെമി ഹൈബ്രീഡ് സംവിധാനം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പുതുമ.

ആദ്യമായാണ് മരുതിയുടെ വാഹനത്തില്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.  ഫിയറ്റ് വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 1.3 ലിറ്റര്‍ എസ്.എച്ച്.വി.എസ് എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.

എൽഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയെ ഹെഡ്‌ലൈറ്റും മനോഹരമായ ഗ്രില്ലും മുൻവശത്തെ വേറിട്ടതാക്കുന്നു. ആദ്യ സിയാസിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രീമിയം ലുക്കിലാണ് പുതിയ വാഹനം. പുതിയ അലോയ് വീലുകൾ, ഇലക്ട്രോണിക് സൺറൂഫ് എന്നിവ പ്രധാന സവിശേഷതകളാണ്. ഉള്‍ഭാഗത്തിനും കൂടുതൽ പ്രീമിയം ഫിനിഷുണ്ട്. നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന മാരുതിയുടെ നാലാമത്തെ വാഹനമാണ് സിയാസ്.  8.19 ലക്ഷം മുതല്‍ 11.38 ലക്ഷം രൂപ വരെയാണ് മാരുതി സുസുകി സിയാസിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർണ, ടൊയോട്ട യാരിസ് തുടങ്ങിയവരാണു സിയാസിന്‍റെ മുഖ്യ എതിരാളികൾ.