Asianet News MalayalamAsianet News Malayalam

മനസുമാറി മാരുതി, പടിയിറക്കിയ ഈ വണ്ടികളെ തിരികെ വിളിക്കുന്നു!

ഇപ്പോഴിതാ ഈ തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് മാരുതി

Maruti Suzuki Diesel Engines Comeback
Author
Mumbai, First Published Jun 26, 2021, 4:17 PM IST

രണ്ടു വര്‍ഷം മുമ്പാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ 2020 ഏപ്രിലിന് ശേഷം പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങള്‍ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യന്‍ വിപണികളില്‍ വിറ്റിരുന്നത്.  ബിഎസ് 4 നിലവാരത്തിലുണ്ടായിരുന്ന ഡീസല്‍ എന്‍ജിനുകളില്‍ ബിഎസ്6-ലേക്ക് കമ്പനി മാറ്റിയിരുന്നില്ല. 

എന്നാല്‍ ഇപ്പോഴിതാ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിച്ച തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിഎസ് 6 നിലവാരത്തിലുള്ള പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാരുതി വികസിപ്പിക്കുകയാണെന്നും മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി  XL6-ല്‍ ആയിരിക്കും ഈ ഡീസല്‍ എന്‍ജിന്‍ ആദ്യം നല്‍കുകയെന്നും ദി ഹിന്ദു  ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതിയുടെ ഹരിയാനയിലെ മനേസര്‍ പ്ലാന്‍റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പുതിയ ഡീസല്‍ എന്‍ജിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ആദ്യം ഈ ഡീസല്‍ എന്‍ജിനുമായി പുത്തന്‍  XL6 നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു ശേഷം വിറ്റാര ബ്രെസ, എര്‍ട്ടിഗ, സിയാസ് എന്നിവയിലും ഡീസല്‍ എന്‍ജിന്‍ ഇടംപിടിച്ചേക്കുമെന്നും എന്നാല്‍ ബലേനൊ, ഡിസയര്‍ പോലെയുള്ള ചെറിയ കാറുകളില്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കിയേക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ബിഎസ്-6 എന്‍ജിന്റെ നിര്‍മ്മാണച്ചെലവ് കൂടി കണക്കിലെടുത്താണ് ഡീസല്‍ എഞ്ചിന്‍ നിര്‍മ്മാണം നിര്‍ത്താനുള്ള തീരുമാനം കമ്പനി 2019ല്‍ എടുത്തത്. ചെറിയ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ് വരുമെന്നും ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ വെറും 30,000 രൂപ മതിയെന്നുമായിരുന്നു അന്ന് കമ്പനി പറഞ്ഞിരുന്നത്. ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്നും മാരുതി പ്രഖ്യാപിച്ചിരുന്നു. മാരുതിയുടെ ടോപ്പ് സെല്ലിങ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എന്‍ജിന്‍ കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദനം അവസാനിപ്പിച്ചിരുന്നു. 

എന്നാല്‍, വിപണിയിലെ പുതിയ സാധ്യതകള്‍ പരിഗണിച്ചാണ് വീണ്ടും ബി എസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തിരിച്ചെത്തിക്കുന്നത് എന്നാണ് കമ്പനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios