സ്വന്തം കമ്പനിയെപ്പോലും അമ്പരപ്പിക്കുന്ന മൈലേജുമായി ഒരു മാരുതി ഡിസയര്‍

ഇലക്ട്രിക്ക് വാഹനങ്ങളാണ് ഭാവിയെ നിയന്ത്രിക്കുക എന്നാണ് അടുത്തകാലത്തായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മിക്ക കമ്പനികളും ഇലക്ട്രിക്ക് പതിപ്പുകളിലേക്ക് ചുവടുമാറ്റം നടത്തിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ പരമ്പരാഗത ഇന്ധനത്തില്‍ ഓടുന്ന വണ്ടിയത്തന്നെ ഇലക്ട്രിക്ക് ഹൃദയമുള്ളതാക്കി മാറ്റിയാലോ? ഇപ്പോഴിതാ അത്തരമൊരു സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ഒരു കമ്പനി.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ആണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാവുന്ന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാരുതിയുടെ ജനപ്രിയ കോംപാക്ട് സെഡാനായ ഡിസയറിനെ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുന്ന ഇലക്ട്രിക്ക് കിറ്റ് നോര്‍ത്ത്‌വേ അവതരിപ്പിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിലെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കിയാണ് കിറ്റ് ഘടിപ്പിക്കുന്നത്. നേരത്തെ മറ്റു ചില വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോര്‍ത്ത്‌വേ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടുണ്ട്. 

നോർത്ത് വേയിൽ മാരുതി സുസുക്കി ഡിസയറിനായി ഡ്രൈവ് EZ, ട്രാവല്‍ EZ എന്നീ രണ്ട് മോഡല്‍ ഇലക്ട്രിക് കിറ്റുകൾ ലഭ്യമാണ്. ആദ്യത്തേത് ഡ്രൈവ് ഇസെഡ് എന്നാണ്​ അറിയപ്പെടുന്നത്​. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കും. സാധാരണ സോക്കറ്റിലൂടെ ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. രണ്ടാമത്തേത്​ ട്രാവൽ ഇസെഡ് കിറ്റാണ്​. പവർട്രെയിൻ ഒന്നാണെങ്കിലും ഇവക്ക്​ വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ട്രാവൽ ഇസെഡ് ഉപയോഗിച്ച്, ഫുൾ ചാർജിൽ ഡിസയറിന് 250 കിലോമീറ്റർ വരെ പോകാനാകും. വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ എടുക്കും. ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 140 കിലോമീറ്ററും വാണിജ്യ വാഹനങ്ങള്‍ക്ക് 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാനും സാധിക്കും. നിലവിൽ ഫാസ്റ്റ് ചാർജിങ്​ സംവിധാനം ലഭ്യമല്ല. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കിറ്റിന്റെ വില. ഇതില്‍ ജി എസ് ടിയും ഉള്‍പ്പെടും. നോര്‍ത്ത്‌വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഈ കിറ്റ് ബുക്കുചെയ്യാം. പെട്രോള്‍-ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ നിയമസാധുതയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. വാഹനം ഇലക്ട്രിക്കിലേക്ക് മാറ്റിയ ശേഷം ആര്‍സിയില്‍ രേഖപ്പെടുത്താം എന്നാണ് റിപ്പോര്‍ട്ടുകള്‍. കിറ്റ്​ ഡെലിവറിക്ക് ഏകദേശം ആറ് മാസമെടുക്കും. 500 കിറ്റുകൾ മാത്രമാണ്​ നിലവിൽ ലഭ്യമായിട്ടുള്ളത്​. ആദ്യം ബുക്ക്​ ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാകും കിറ്റ്​ നൽകുക.

ലോകത്താകമാനം വാഹന വ്യവസായം വൈദ്യുതിയിലേക്ക്​ തിരിയു​മ്പോഴും മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് വാഹന പദ്ധതിക്ക് വലുതായി വികാസമൊന്നും ഉണ്ടായിട്ടില്ല. പെട്രോളിനും ഡീസലിനും ബദല്‍ സിഎൻജി വാഹനങ്ങളാണ്​ എന്നാണ് മാരുതിയുടെ നിലപാട്. അതുകൊണ്ടുതന്നെ നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ഒരുക്കിയ ഡിസയറി​ന്‍റെ ഇലക്ട്രിക്ക് പതിപ്പ് വാഹനലോകത്തും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണ്. 

ചിത്രം പ്രതീകാത്മകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona