മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ ഇ-വിറ്റാര ലോകത്തിലെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ആർട്ടിക്, അന്റാർട്ടിക്ക എന്നിവ ഒഴികെയുള്ള  എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ഇ വിറ്റാര കയറ്റി അയയ്ക്കും

ന്ത്യയിലെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇ-വിറ്റാരയുടെ ഉത്പാദനം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇത് മാരുതി സുസുക്കിയുടെ മാത്രമല്ല, സുസുക്കി മോട്ടോർ കോർപ്പറേഷന്റെയും പ്രൊഡക്ഷൻ രൂപത്തിലുള്ള ആദ്യത്തെ ഇലക്ട്രിക് കാർ കൂടിയാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ മാരുതി സുസുക്കിയുടെ പ്ലാന്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ-വിറ്റാരയുടെ റോൾ-ഔട്ട് ചടങ്ങ് ഫ്ലാഗ്-ഔട്ട് ചെയ്തു. ലോകത്തിലെ 100ൽ അധികം രാജ്യങ്ങളിലേക്ക് ഈ ഇലക്ട്രിക് എസ്‌യുവി കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

സെപ്റ്റംബർ 3 ന് ഇന്ത്യയിൽ ഇ വിറ്റാരയുടെ ലോഞ്ച് നടന്നേക്കും. ഇതോടെ ടാറ്റ മോട്ടോഴ്‌സ്, എംജി, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ആധിപത്യം പുലർത്തുന്ന സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി പ്രവേശിക്കും. മാരുതി ഈ സെഗ്‌മെന്റിൽ വൈകിയാണ് പ്രവേശിച്ചതെങ്കിലും ഒരു വലിയ ഭാഗം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇ വിറ്റാര ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ത്യയിൽ നിർമ്മിച്ച ഈ എസ്‌യുവി ആർട്ടിക്, അന്റാർട്ടിക്ക എന്നിവ ഒഴികെയുള്ള ലോകത്തിലെ മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലേക്കും കയറ്റി അയയ്ക്കും. ഈ നീക്കം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിനും കമ്പനിയുടെ ആഗോള തന്ത്രത്തിനും ഈ നടപടി ഒരു വലിയ നാഴികക്കല്ലായിരിക്കും.

നൂറിലധികം രാജ്യങ്ങളിലേക്ക് ഇ വിറ്റാര അയയ്ക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പറഞ്ഞു. യൂറോപ്പും ജപ്പാനും ആയിരിക്കും ഏറ്റവും വലിയ വിപണികൾ. ആർട്ടിക്, അന്റാർട്ടിക്ക എന്നിവ ഒഴികെയുള്ള യൂറോപ്പ്, ജപ്പാൻ എന്നിവയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും മാരുതി സുസുക്കി ഇ വിറ്റാര കയറ്റി അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയും പുതിയ ഇ വിറ്റാരയുടെ വിപണികളായിരിക്കും.

പ്രത്യേക ഇവി പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും സവിശേഷതകളും ഈ കാറിന് ലഭിക്കുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. മാരുതി സുസുക്കി ഇതിനെ വളരെ ശക്തവും ആധുനികവുമായ ഉൽപ്പന്നമായി കണക്കാക്കുന്നു. കൂടാതെ വിപണിയിൽ ഇത് നന്നായി അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കിയുടെ ഗുജറാത്ത് ഇവി പ്ലാന്‍റിലാണ് ഈ എസ്‌യുവി നിർമ്മിക്കുന്നത്. ഈ പ്ലാന്റിന്റെ മൊത്തം ഉൽ‌പാദന ശേഷി പ്രതിവർഷം 7.5 ലക്ഷം യൂണിറ്റാണ്. ഇത് മൂന്ന് ഉൽ‌പാദന ലൈനുകളായി തിരിച്ചിരിക്കുന്നു. അടുത്തിടെ ആരംഭിച്ച മൂന്നാമത്തെ ഉൽ‌പാദന ലൈനിൽ ഇലക്ട്രിക്, പെട്രോൾ/ഡീസൽ (ഐ‌സി‌ഇ) വാഹനങ്ങൾ നിർമ്മിക്കും. 2.5 ലക്ഷം യൂണിറ്റാണ് ഇതിന്‍റെ വാർഷിക ശേഷി.