മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി മോഡലായ എര്‍ടിഗയുടെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലിന്‍റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന ബിഎസ് 6 എന്‍ജിന് മുന്നോടിയായാണ് ഈ മോഡലിന്‍റെ ഉല്‍പ്പാദനം നിര്‍ത്തിയത്. ബിഎസ് 4 നിലവാരത്തിലുള്ളതാണ് ഈ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എര്‍ടിഗ.

2012 മുതല്‍ എര്‍ടിഗയുടെ ഹൃദയമായരുന്ന ഈ എഞ്ചിന്‍ ഫിയറ്റില്‍ നിന്നും കടമെടുത്തതാണ്. അടുത്തിടെ ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ മില്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ എര്‍ടിഗയില്‍ മാരുതി ഉള്‍പ്പെടുത്തിയിരുന്നു. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 

ഇതിന് പുറമേ ബിഎസ് 4 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും എര്‍ട്ടിഗക്ക് കരുത്തു പകരുന്നുണ്ട്. 94 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന ഈ എന്‍ജിനും അടുത്ത ഏപ്രിലിന് മുമ്പ് പിന്‍വലിക്കാനാണ് മാരുതിയുടെ ശ്രമം. ഡീസല്‍ എന്‍ജിനുകള്‍ പൂര്‍ണമായും നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് മാരുതിയുടെ ലക്ഷ്യം. 

2012 ജനുവരിയിലാണ് ആദ്യ എര്‍ടിഗയെ മാരുതി അവതരിപ്പിച്ചത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.