Asianet News MalayalamAsianet News Malayalam

വണ്ടി വാങ്ങാതെ ഉപയോഗിക്കാം, മാരുതിക്ക് കയ്യടിച്ച് ജനം, പദ്ധതി വളരുന്നു!

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ജയ്‍പൂര്‍, ഇന്‍ഡോര്‍, മംഗലാപുരം, മൈസൂര്‍ എന്നീ നാല് നഗരങ്ങളില്‍ കൂടി പുതുതായി ആരംഭിക്കുകയാണെന്ന് മാരുതി സുസുക്കി അറിയിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Maruti Suzuki expands Subscription Services
Author
Mumbai, First Published Jun 29, 2021, 11:50 PM IST

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതി 2020 ജൂലൈയിലാണ് അവതരിപ്പിച്ചത്. കമ്പനി കണക്കുകൂട്ടിയ പോലെ തന്നെ വളരെ വേഗം ഈ പദ്ധതി ജനപ്രീതി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ജയ്‍പൂര്‍, ഇന്‍ഡോര്‍, മംഗലാപുരം, മൈസൂര്‍ എന്നീ നാല് നഗരങ്ങളില്‍ കൂടി പുതുതായി ആരംഭിക്കുകയാണെന്ന് മാരുതി സുസുക്കി അറിയിച്ചതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യയിലെ 19 നഗരങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന സേവനമായി മാരുതി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യ ഘട്ടത്തില്‍  ബെംഗളൂരു, ഗുരുഗ്രാം നഗരങ്ങളിലായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 24, 36, 48 മാസത്തെ പാട്ടക്കാലാവധിയോടെയാണ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പദ്ധതി തുടങ്ങുന്നത്. അരീന, നെക്സ ഔട്ട്‌ലെറ്റുകൾ മുഖേന മാരുതി സുസുക്കി സബ്സ്ക്രൈബ് പ്രകാരം ഏതു മോഡലും ഇങ്ങനെ വാടകയ്ക്ക് എടുക്കാം.  അരീന ശ്രേണിയിൽ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, വിറ്റാര ബ്രേസ തുടങ്ങിയവയാണു പാട്ടത്തിനു ലഭിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 15 ദിവസത്തിനകം പുതിയ കാർ കൈമാറും. 

ഒറിക്‌സ് ഓട്ടോ, എ.എല്‍.ഡി. ഓട്ടോമോട്ടീവ്, മൈല്‍സ് എന്നീ മൂന്ന് സബ്‌സ്‌ക്രിപ്ഷന്‍ പങ്കാളികളുടെ സഹായത്തോടെയാണ് മാരുതി സുസുക്കി വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മുമ്പ് ബ്ലാക്ക് നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ അക്കങ്ങളിലായിരുന്നു ഇത്തരം വാഹനങ്ങളില്‍ നമ്പര്‍ പതിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ മഞ്ഞ, വെള്ള നമ്പര്‍ പ്ലേറ്റുകള്‍ പതിപ്പിച്ച വാഹനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം വാങ്ങാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനം ലക്ഷ്യമിട്ട് 2020 ജൂലൈയിലാണ് മാരുതി സുസുക്കി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ആരംഭിക്കുന്നത്. വാഹനം ഉപയോഗിക്കുന്നതിന്റെ നിരക്ക്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് ചാര്‍ജ് എന്നിവയെല്ലാം കമ്പനിയായിരുന്നു നിര്‍വഹിക്കുക. അതേസമയം, ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള തുകയാണ് ഉപയോക്താവിന്റെ കൈയില്‍ നിന്നും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഇടാക്കിയിരുന്നത്. 

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധി അവസാനിക്കുന്ന പക്ഷം വാഹനം പുതിയ വാഹനം തിരിഞ്ഞെടുക്കുന്നതിനും അത്രയും കാലം ഉപയോഗിച്ച വാഹനം വില നല്‍കി വാങ്ങുന്നതിനുമുള്ള അവസരവും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. മാരുതിയുടെ മികച്ച മോഡലുകളായ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ഇഗ്നീസ്, ബലേനൊ, സിയാസ്, എസ്-ക്രോസ്, എക്‌സ്.എല്‍.5 തുടങ്ങിയ വാഹനങ്ങളാണ് മാരുതിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ലഭ്യമാക്കുന്നത്.

ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ചെലവുകളും ലീസിങ് പങ്കാളിയായ ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡ് വഹിക്കും. പാട്ടക്കാലാവധിക്കിടെ വാഹനം അപകടത്തിൽ പെടുകയാണെങ്കിൽ, ഉപഭോക്താവിന് അശ്രദ്ധമായ ഡ്രൈവിംഗ് (ഇൻഷുറൻസ് ഏജൻസി നിർണ്ണയിക്കുന്നത്) അല്ലാതെ ഒന്നും നൽകേണ്ടതില്ല. ടോൾ, പാർക്കിംഗ് ഫീസ്, ഫാസ്റ്റാഗ് റീചാർജ് തുടങ്ങിയവ സ്‍കീമിന് കീഴിൽ വരില്ല.

മാരുതി സുസുക്കി സബ്‍സ്‍ക്രൈബ് പ്രകാരം കാറുകൾ വാടകയ്ക്കു ലഭിക്കണം എങ്കിൽ 25നു മുകളിൽ പ്രായവും, ഇന്ത്യയിൽ സ്ഥിര താമസമാക്കാരും ആയിരിക്കണം. ഡ്രൈവിങ് ലൈസൻസിനു പുറമെ വായ്പ വിതരണത്തിനായി ബാങ്കുകൾ പരിഗണിക്കുന്ന സിബിൽ സ്‍കോർ എഴുനൂറിനു മുകളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

വില്‍പ്പന ഇടിവിനെ നേരിടാന്‍ വാഹന നിര്‍മ്മാതാക്കള്‍ പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമായാണ് ലീസിങ്ങ് പദ്ധതി മാരുതി അവതരിപ്പിച്ചത്. ദക്ഷിണ കൊറിയിന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019ല്‍ തന്നെ ഈ സേവനം അവതരിപ്പിച്ചിരുന്നു. എംജി മോട്ടോര്‍ ഇന്ത്യ, ഫോക്സ് വാഗണ്‍ തുടങ്ങിയ കമ്പനികളും കാര്‍ ലീസിംഗുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ വാഹനം ലീസിന് നല്‍കുന്ന പരിപാടി മാരുതി സുസുക്കിയെ സംബന്ധിച്ച് പുതിയതല്ല. കോർപ്പറേറ്റുകളെ ലക്ഷ്യമിട്ട് സമാനമായ ഒരു പദ്ധതി കമ്പനിക്ക് നേരത്തെ ഉണ്ടായിരുന്നു, പക്ഷേ ക്ലച്ച് പിടിച്ചില്ലെന്നു മാത്രം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios