രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വാഹനവില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍. മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ ശീലിച്ചുവരുന്ന സാമൂഹിക അകലം പാലിക്കല്‍ വാഹനമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മാരുതി മേധാവിയുടെ കണക്കുകൂട്ടല്‍.

ഇനിമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുമെന്നും ഇത് വാഹനവിപണിക്ക് ഗുണകരമാകുമെന്നും ഭാര്‍ഗവ പറയുന്നു. "മറ്റൊരു യാത്രക്കാരനുമായി സ്ഥലം പങ്കിടാൻ ജനം ഭയപ്പെടും. അത് വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കും. ഇപ്പോഴുള്ള ഇതേ രീതിയില്‍ ആയിരിക്കില്ല ഭാവിയില്‍ രാജ്യം. വാങ്ങുന്നതിനോടുള്ള ആളുകളുടെ മനോഭാവം മാറും.” ഭാര്‍ഗവ പറയുന്നു.

ലോകത്തെ നാലാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിലെ കാർ വിൽപ്പന മാര്‍ച്ച് മാസം 52 ശതമാനം ഇടിഞ്ഞിരുന്നു. മാരുതിക്ക് പുറമെ രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് തുടങ്ങി ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളുടെയെല്ലാം പ്ലാന്റുകള്‍ അടഞ്ഞുകിടക്കുന്നത് വില്‍പ്പനയെ ബാധിച്ചെന്നും ഭാര്‍ഗവ പറഞ്ഞു.

ഭാർഗവയുടെ അഭിപ്രായങ്ങളെ ഒരു പരിധിവരെ പിന്തുണയ്ക്കുന്നതാണ് കൊവിഡ് 19 ആദ്യം ഭീഷണി ഉയര്‍ത്തി കടന്നുപോയ ചൈനയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രോഗകാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഡിമാന്‍റാണത്രെ ചൈനീസ് വാഹന വിപണിയില്‍ ഇപ്പോള്‍. വ്യക്തിഗത വാഹനങ്ങൾ പൊതുഗതാഗതത്തേക്കാൾ സുരക്ഷിതമാണെന്ന പുതിയ ചിന്തകളില്‍ നിന്നാണ് ഈ കച്ചവട വര്‍ദ്ധനവെന്നാണ് സൂചനകള്‍.

ലോക്ക്ഡൗണിന് ശേഷം മാരുതി നേരിടാനിരിക്കുന്ന പ്രധാന വെല്ലുവിളി കൂടുതല്‍ തൊഴിലാളികളെ ഒരേ സമയം ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതായിരിക്കും. അതുകൊണ്ടുതന്നെ ഉത്പാദനം കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഘട്ടം ഘട്ടമായി ഉത്പാദന ക്ഷമതവര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഉൽപ്പാദനം നിർത്തിവച്ചും നിക്ഷേപം വെട്ടിക്കുറച്ചും കാർ നിർമ്മാതാക്കൾ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോൾ, ഡീലർഷിപ്പുകളിലെ ഉള്‍പ്പടെ നാല് ലക്ഷത്തിലധികം ജീവനക്കാർ ജോലി നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.