രാജ്യത്തെ ലോക്ക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ വാഹനങ്ങളുടെ വാറന്‍റി, ഷെഡ്യൂൾ ചെയ്ത സേവനങ്ങൾ മുതലായവയുടെ സമയപരിധി നീട്ടിയ വാഹന നിർമാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച് രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും. 

സൗജന്യ സര്‍വീസും വാറന്‍റിയും ജൂണ്‍ 30 വരെയാണ് മാരുതി നീട്ടിനല്‍കിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം കമ്പനികളും വാറന്‍റിക്കും സര്‍വീസിനും സമയം നീട്ടിനല്‍കിയിട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറന്‍റിയാണ് ജൂണ്‍ 30 വരെ നീട്ടി നല്‍കിയിട്ടുള്ളത്. ഈ സമയത്ത് എക്‌സ്റ്റെന്റഡ് വാറണ്ടിയും പുതുക്കാം. ഈ ഒന്നര മാസത്തില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 30 വരെ സര്‍വീസ് ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് വാഹനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാരുതി ഏതാനും നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇത് മാരുതിയുടെ ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കമെന്നാണ് മാരുതിയുടെ മുന്നറിയിപ്പ്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അതിന്റെ ജീവനക്കാരുടെയും ബിസിനസ്സ് പങ്കാളികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും കൊവിഡ് 19നെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ സർക്കാരുകള്‍ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നതായും കമ്പനി വ്യക്തമാക്കി. 

ലോക്ക് ഡൗണ്‍ കാലത്ത് ഡീലര്‍മാര്‍ക്കും മികച്ച പിന്തുണയാണ് മാരുതി നല്‍കുന്നത്. ഡീലര്‍ഷിപ്പുകളിലെ ചിലവുകള്‍ക്കായി 900 കോടി രൂപയാണ് മാരുതി നല്‍കിയിട്ടുള്ളത്. ടൊയോട്ട ഉള്‍പ്പെടെ രാജ്യത്തെ മിക്ക വാഹനനിര്‍മാതാക്കളും ഡീലര്‍ഷിപ്പുകള്‍ക്ക് കോവിഡ് പാക്കേജ് എന്ന പേരില്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിലെ (എസ്എംജി) ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതാണ്. ഒ  കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് ഇത്. കരാർ അടിസ്ഥാനത്തിൽ മാരുതി സുസുക്കിക്കായി കാറുകൾ നിർമ്മിക്കുന്ന എസ്എംജി മുമ്പ് 2020 ഏപ്രിൽ 14 വരെ ഉത്പാദനം നിർത്തിവച്ചിരുന്നു.