വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും  നീട്ടി നല്‍കിയാതായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. 

മെയ് മാസത്തിൽ കാലാവധി അവസാനിക്കുമായിരുന്ന സൌജന്യ സർവ്വീസ്, വാറന്റി പദ്ധതികൾ നീട്ടിയതായിട്ടാണ് മാരുതി സുസുക്കി അറിയിച്ചത്. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറന്‍റി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറന്‍റിയാണ് ജൂണ്‍ 30 വരെ നീട്ടിയത്. 

ഈ സമയത്ത് എക്‌സ്റ്റെന്റഡ് വാറന്‍റിയും പുതുക്കാം. ഈ രണ്ടര മാസത്തില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക് ഡൌണിന് ശേഷം ജൂണ്‍ 30 വരെ സര്‍വീസ് ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു. മെയ് 30 വരെ ദേശീയ ലോക്ക്ഡൌണിന്റെ നാലാം ഘട്ടം നിലനിൽക്കുന്നതിനാൽ വാഹന ഉടമകൾക്ക് അവസാന തീയതി നീട്ടി നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. മെയ് മാസത്തിൽ അവസാനിക്കേണ്ടിയിരുന്ന എല്ലാ സൌജന്യ സേവനങ്ങളും വാറണ്ടിയും വിപുലീകൃത വാറണ്ടിയും ജൂൺ വരെ നീട്ടി നൽകുമെന്ന് മാരുതി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോക്ക് ഡൌൺ കാരണം സർവ്വീസും വാറന്റി ആനുകൂല്യങ്ങളും നേടാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് കമ്പനിയുടെ പുതിയ തീരുമാനം ഗുണകരമാകും. പ്രാഥമിക വാറന്റി, വിപുലീകൃത വാറന്റി, സൌജന്യ സർവ്വീസ് എന്നിവ ഉൾപ്പെടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. മാരുതിയും രാജ്യത്തെ മറ്റെല്ലാ ഒ‌ഇ‌എമ്മും മുമ്പ് സൌജന്യ സർവ്വീസ്, വാറന്റി സ്കീമുകൾ തുടങ്ങിയവ നീട്ടിയിരുന്നു, മെയ് അവസാന വാരത്തിലും ഏപ്രിലിലും ഇവ കാലഹരണപ്പെടുന്നവർക്കാണ് നേരത്തെ തീയതി നീട്ടി നൽകിയത്.

കൊവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള ദേശീയ ലോക്ക് ഡൌൺ മാർച്ച് 25 മുതലാണ് നടപ്പാക്കിയത്. ആദ്യ മൂന്ന് തവണ നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൌണിൽ ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. ലോക്ക് ഡൌണ്‍ കാരണം ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണം.

ലോക്ക് ഡൌണിന്റെ മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 280 നഗരങ്ങളിലായി 570 ഔട്ട്‌ലെറ്റുകളാണ് മാരുതി തുറന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളും അനുസരിച്ചാണ് ഈ ഷോറൂമുകളുടെയും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍.

ലോക്ക്ഡൗണ്‍ കാലത്ത് ഡീലര്‍മാര്‍ക്കും മികച്ച പിന്തുണയാണ് മാരുതി നല്‍കുന്നത്. ഡീലര്‍ഷിപ്പുകളിലെ ചെലവുകള്‍ക്കായി ആദ്യഘട്ടം 900 കോടി രൂപയാണ് മാരുതി നല്‍കിയിട്ടുള്ളത്.  ലോക്ക്ഡൗണ്‍ കാലത്ത് വാഹനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാരുതി ഏതാനും നിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. ഇത് മാരുതിയുടെ ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കും എന്നാണ് മാരുതി വ്യക്തമാക്കുന്നത്.