മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്സ് അഞ്ചു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടു. 2023-ൽ പുറത്തിറങ്ങിയ ഈ മോഡൽ, ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഒരുപോലെ ജനപ്രീതി നേടിയിട്ടുണ്ട്.

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്സ് അഞ്ചുലക്ഷം ഉൽപ്പാദന നാഴികക്കല്ല് പിന്നിട്ടു. 2023 ൽ പുറത്തിറങ്ങിയ ഫ്രോങ്ക്സ് മികച്ച ഡിസൈനും പ്രകടനവും കാരണം ജനപ്രീതി നേടിയ മോഡലാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത പാസഞ്ചർ വാഹനമായിരുന്നു ഫ്രോങ്ക്സ്. ഈ കാലയളവിൽ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കപ്പെട്ട മികച്ച 10 വാഹനങ്ങളിൽ ഒന്നും ഫ്രോങ്ക്സ് ആയിരുന്നു.

2023 ഓട്ടോ എക്സ്പോയിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഫ്രോങ്ക്സ്, അതിന്റെ ബോൾഡ് സ്റ്റൈലിംഗ്, ടെക്-ലോഡഡ് ക്യാബിൻ, ടർബോ എഞ്ചിൻ ഉൾപ്പെടെയുള്ള അത്യാധുനിക പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയാൽ വേറിട്ടുനിൽക്കുന്നു. ഹെഡ്-അപ്പ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് സ്‍മാർട്ട്ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് എച്ച്ഡി സ്മാർട്ട് പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഫ്രോങ്ക്‍സിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റായി മാറിയ ഈ എസ്‌യുവി, പുറത്തിറങ്ങി 10 മാസത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം വിൽപ്പന കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ മോഡലായി മാറി. രണ്ടുലക്ഷം, മൂന്ന് ലക്ഷം എന്നീ വിൽപ്പന നാഴികക്കല്ലുകൾ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. 2025 ഫെബ്രുവരിയിൽ 21,400 യൂണിറ്റിലധികം യൂണിറ്റുകൾ എന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഫ്രോങ്ക്സ് നേടിയത്.

2023-ൽ കമ്പനി ഫ്രോങ്ക്‍സിന്‍റെ കയറ്റുമതിയും ആരംഭിച്ചു. ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കിയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത എസ്‌യുവി എന്ന ബഹുമതി ഫ്രോങ്ക്സ് നേടി. ജപ്പാനിലേക്കുള്ള ഈ കയറ്റുമതികൾ ഫ്രോങ്ക്സിനെ ഒരു ലക്ഷം കയറ്റുമതി നേടുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവിയായി മാറുന്നതിൽ നിർണായക പങ്ക് വഹിച്ചു. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നൊരു ജനപ്രിയ മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്.

ഫ്രോങ്ക്സിനെ ഇഷ്‍ടവാഹനമായി തിരഞ്ഞെടുത്തതിനും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാക്കി മാറ്റിയതിനും തങ്ങളുടെ ഉപഭോക്താക്കളോട് അഗാധമായ നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു. ഇന്ത്യയുടെ നിർമ്മാണ മികവും ഭാവി രൂപകൽപ്പനയുള്ള വാഹനങ്ങൾക്കുള്ള ഉപഭോക്തൃ സ്വീകാര്യതയും ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച സ്റ്റൈലിംഗ്, മികച്ച മൈലേജ്, നൂതന സാങ്കേതിക സവിശേഷതകൾ തുടങ്ങിയ കാരണങ്ങളാൽ ഫ്രോങ്ക്സ് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ പെട്ടെന്ന് ജനപ്രീതി നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.