സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരത്തിലുള്ള 63493 പുതിയ വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി.  സിയാസ്, എർടിഗ, എക്സ്എൽ6 എന്നീ വാഹനങ്ങളെയാണ് തിരികെ വിളിക്കുന്നത്. മോട്ടോർ ജനറേറ്റർ യൂണിറ്റിൽ (എംജിയു) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2019 ജനുവരി ഒന്നു മുതൽ 2019 നവംബർ 21 വരെ നിർമിച്ച ഈ വാഹനങ്ങളുടെ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.  

വിദേശ നിർമാതാക്കൾ നിർമിച്ചുനല്‍കിയ എംജിയുവിലാണ് തകരാർ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷയും മാരുതിയോടുള്ള വിശ്വാസ്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നത് എന്നാണ് മാരുതി പറയുന്നത്. ഡിസംബർ 6 മുതൽ ഉപഭോക്താക്കളെ ബന്ധപ്പെടുത്തുടങ്ങിയെന്നും മാരുതി അറിയിച്ചു. 

2019 നവംബർ 21 വരെ നിർമിച്ച ഈ വാഹനങ്ങളുടെ ഷാസി നമ്പർ മാരുതി സുസുക്കിയുടെ വെബ് സൈറ്റിൽ നൽകിയാൽ വാഹനത്തിന് പരിശോധന ആവശ്യമുണ്ടോ എന്നറിയാം. തകരാർ കണ്ടെത്തിയാൽ എംജിയു സൗജന്യമായി മാറ്റി നിൽകുമെന്നും പത്രക്കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കി.