കൊവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ അടച്ചുപൂട്ടിയിരിക്കുകയാണ് രാജ്യം. വൈറസ് വ്യാപനം വാഹന നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടെ സകല വ്യവസായ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്തെ വാഹന നിര്‍മാണ പ്ലാന്റുകളും ഷോറൂമുകളും ഉള്‍പ്പെടെ അടഞ്ഞു കിടക്കുകയാണ്.

ഇത് മാര്‍ച്ച് മാസത്തിലെ വാഹനോത്പാദനത്തില്‍ വമ്പന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 32.05 ശതമാനത്തിന്റെ ഇടിവുണ്ടായതായി ആഭ്യന്തര വാഹനനിര്‍മാതാക്കളായ മാരുതി വ്യക്തമാക്കുന്നു. 2019 മാര്‍ച്ച് മാസത്തില്‍ 1,36,201 വാഹനങ്ങള്‍ നിര്‍മിച്ച സ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് 92,540 വാഹനങ്ങള്‍ മാത്രമാണ് മാരുതി നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാച്ച്ബാക്ക്, പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളുടെ നിര്‍മാണം 38.29 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രെസ, എര്‍ട്ടിഗ, എക്‌സ്എല്‍-6, എസ്-ക്രോസ് എന്നീ വാഹനങ്ങളുടെ നിര്‍മാണത്തില്‍ 14.19 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 17,719 വാഹനങ്ങളുടെ സ്ഥാനത്ത് ഈ മാര്‍ച്ച് അത് 15,203 ആയാണ് കുറഞ്ഞത്. സെഡാനായ സിയാസിന്റെ നിര്‍മാണം 2146 യൂണിറ്റായി കുറഞ്ഞു. വാന്‍ ശ്രേണിയില്‍ 58 ശതമാനത്തിന്റെ ഇടിവും കണക്കാക്കി.

അതേസമയം, മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആര്‍ട്ടോ, എസ്-പ്രെസോ പോലൂള്ള വാഹനങ്ങളുടെ ഉത്പാദനത്തില്‍ 1.09 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നും കമ്പനി പറയുന്നു. 2019 മാര്‍ച്ച് 17,439 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷമത് 17,630 ആയി വര്‍ധിച്ചിട്ടുണ്ട്.