ദില്ലി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് കമ്പനി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നു. 2020 ജനുവരി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. 

മോഡലുകൾക്കനുസരിച്ചായിരിക്കും വിലവർദ്ധനവും നടപ്പാക്കുക. 2.89 ലക്ഷം മുതൽ 11.47 ലക്ഷം വരെയുള്ള മോഡലുകളാണ് നിലവിൽ മാരുതി സുസുക്കി ഇന്ത്യക്കുള്ളത്. 

അറീന, നെക്സ ഡീലർഷിപ്പുകൾ വഴിയാണ് മാരുതിയുടെ കാർ വിൽപ്പന. ചെറു കാറുകളെ അറീനയിലൂടെയും പ്രീമിയം കാറുകളെ നെക്സ ശൃഖലയിലൂടെയുമാണ് കമ്പനി വിൽക്കുന്നത്. ആൾട്ടോ, വാഗൺആർ, സെലറിയോ, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ, എർട്ടിഗ, ഈക്കോ മോഡലുകളാണ് മാരുതിയുടെ അറീന ഡീലർഷിപ്പുകളിലുള്ളത്. പ്രീമിയം കാറുകളായ ഇഗ്നിസ്, ബലെനോ, സിയാസ്, എസ്-ക്രോസ്, XL6 കാറുകളെ നെക്സ ഡീലർഷിപ്പുകള്‍ വഴിയും വില്‍ക്കുന്നു. 

നിർമ്മാണ ചെലവുകളും വർദ്ധനവ് കഴിഞ്ഞ ഒരു വർഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചുവെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. അതിനാൽ, 2020 ജനുവരി മുതൽ വിവിധ മോഡലുകളുടെ വിലവർധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും വില വർദ്ധനവ് വിവിധ മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്നും മാരുതി അറിയിച്ചു.

2019 ൽ ഇതുവരെ, രണ്ടുതവണ മാത്രമാണ് മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വിൽപ്പന ഉയർന്നത്. ഒക്ടോബറിൽ 4.5 ശതമാനവും ജനുവരിയിൽ 0.2 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. ശേഷിക്കുന്ന മാസങ്ങളിൽ വിൽപ്പന ഇടിഞ്ഞു. നവംബറിൽ 1.9 ശതമാനം, സെപ്റ്റംബറിൽ 24.4 ശതമാനം, ഓഗസ്റ്റിൽ 32.7 ശതമാനം, ജൂലൈയിൽ 33.5 ശതമാനം, ജൂണിൽ 14 ശതമാനം, മെയ് മാസത്തിൽ 22 ശതമാനം, ഏപ്രിലിൽ 17.2 ശതമാനം , മാർച്ചിൽ 1.6 ശതമാനവും ഫെബ്രുവരിയിൽ 0.8 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.