കൊവിഡ് പ്രതിസന്ധിക്കിടയിലും ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുമുളള കമ്പനിയുടെ ഈ മുന്നേറ്റം വ്യവസായ രംഗത്തെ ആകെ അമ്പരപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

2021 ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ). 1,30,699 യൂണിറ്റുകളാണ് കമ്പനി ഓ​ഗസ്റ്റ് മാസം മാരുതി സുസുക്കി രാജ്യത്ത് വിറ്റഴിച്ചതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുമുളള കമ്പനിയുടെ ഈ മുന്നേറ്റം വാഹനലോകം ഉള്‍പ്പെടെയുള്ള വ്യവസായ രംഗത്തെ ആകെ അമ്പരപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വർഷം ഇതേ മാസം 1,24,624 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎൽ) പ്രസ്‍താവനയിൽ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 1,10,080 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 1,16,704 യൂണിറ്റായിരുന്നു. ആറ് ശതമാനം ഇടിവാണ് ആഭ്യന്തര വിൽപ്പനയിൽ കമ്പനിക്കുണ്ടായത്. വാഹന കയറ്റുമതിയിലും മാരുതി സുസുക്കി വലിയ മുന്നേറ്റം നടത്തി. ഈ വർഷം ഓഗസ്റ്റിൽ കയറ്റുമതി 20,619 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇത് 7,920 യൂണിറ്റായിരുന്നു.

ആൾട്ടോ, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 20,461 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 19,709 യൂണിറ്റായിരുന്നു. എന്നാൽ, വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലാനോ, ഡിസയർ ടൂർഎസ് എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വിൽപ്പന കഴിഞ്ഞ മാസം 45,577 യൂണിറ്റായി കുറഞ്ഞു. 2020 ഓഗസ്റ്റിൽ ഇത് 61,956 യൂണിറ്റായിരുന്നു.

മിഡ്-സൈസ് സെഡാൻ സിയാസ് 2,146 യൂണിറ്റ് വിൽപ്പന നടത്തി, കഴിഞ്ഞ വർഷം ഇത് 1,223 യൂണിറ്റായിരുന്നു. എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എക്സ്എൽ 6, ജിപ്‍സി എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾസ് വിൽപ്പന 24,337 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 21,030 യൂണിറ്റായിരുന്നു. ലൈറ്റ് കൊമേഴ്സ്യൽ വാഹനമായ സൂപ്പർ കാരിയുടെ വിൽപ്പന 2,588 യൂണിറ്റാണ്. 2020 ഓഗസ്റ്റിൽ ഇത് 2,292 യൂണിറ്റായിരുന്നു. 

ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് 2021 ഓഗസ്റ്റിൽ കമ്പനിയുടെ വിൽപ്പന അളവിനെ ബാധിച്ചു. പ്രതികൂല ആഘാതം പരിമിതപ്പെടുത്താൻ കമ്പനി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും കമ്പനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും മാരുതിയു‌ടേത് മികച്ച പ്രകടനമായാണ് ഈ രം​ഗത്തെ വിദ​ഗ്‌ധർ വിലയിരുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona