ജൂലൈ മുതല്‍ മാരുതി കാറുകളുടെ വില വര്‍ദ്ധന നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ മാരുതി കാറുകളുടെ വില വര്‍ദ്ധന നിലവില്‍ വരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്‌പാദനച്ചെലവേറിയതാണ് വില കൂട്ടുന്നതിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ മോഡലുകളുടെ വിലയില്‍ എത്ര തുക വീതമാണ് ഉയർത്തുകയെന്ന് മാരുതി വ്യക്തമാക്കിയില്ല. ദില്ലി എക്‌സ്‌ഷോറൂമില്‍ 2.99 ലക്ഷം രൂപ വിലയുള്ള ഹാച്ച്ബാക്കായ അൾട്ടോ മുതൽ 12.39 ലക്ഷം രൂപയുടെ എസ്-ക്രോസ് വരെ വൈവിദ്ധ്യമാർന്ന നിരവധി മോഡലുകൾ മാരുതിയുടെ ശ്രേമിയില്‍ ഉണ്ട്. 

2021 ജനുവരിയിൽ വിവിധ മോഡലുകൾക്ക് 34,000 രൂപവരെയും ഏപ്രിലിൽ 1.6 ശതമാനവും വില വർദ്ധന മാരുതി നടപ്പാക്കിയിരുന്നു. കൊവിഡിൽ അസംസ്കൃതവസ്‌തുക്കളുടെ വില കുത്തനെ കൂടിയതാണ്, മോഡലുകളുടെ വില കൂട്ടാൻ വാഹന നിർമ്മാണ കമ്പനികളെ നിർബന്ധിതരാക്കുന്നത്. വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവ് കാരണം കഴിഞ്ഞ വര്‍ഷത്തില്‍ വാഹനങ്ങളുടെ നിര്‍മ്മാണ ചെലവിനെ പ്രതികൂലമായി ബാധിച്ചു. ഈ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില കൂട്ടുന്നതെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona