Asianet News MalayalamAsianet News Malayalam

വണ്ടി വേണ്ടവര്‍ ഉടന്‍ വാങ്ങുക, വില കൂട്ടാനൊരുങ്ങി മാരുതി!

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 ജനുവരി മുതൽ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 

Maruti Suzuki India to hike prices from January
Author
Mumbai, First Published Dec 10, 2020, 5:00 PM IST

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 ജനുവരി മുതൽ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. അസംസ്‍കൃത സാധനങ്ങളുടെ ചെലവ് ഉയർന്നതാണ് ഈ നീക്കത്തിനു കാരണമെന്ന് കമ്പനി പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം നിർമ്മാണച്ചെലവ് ഗണ്യമായി വർധിച്ചുവെന്ന് മാരുതി സുസുക്കി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിവിധ ചെലവുകൾ വർദ്ധിച്ചത് കഴിഞ്ഞ വർഷം കമ്പനിയെ പ്രതികൂലമായി ബാധിച്ചതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതിനാൽ, 2021 ജനുവരിയിലെ വിലവർധനയിലൂടെ അധിക ചെലവില്‍ ഒരുഭാഗം ഉപയോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമാണെന്നും കമ്പനി പറയുന്നു. ഈ വില വർദ്ധനവ് വ്യത്യസ്‍ത മോഡലുകൾക്ക് അനുസൃതമായി വ്യത്യാസപ്പെടുമെന്നും കമ്പനി പറയുന്നു. 

ലോക്ക്ഡൗൺ വരുത്തിയ തിരിച്ചടികളിൽ നിന്ന് കമ്പനി കരകയറുന്നതിനിടെയാണ് വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നവംബറിൽ കാർ വിൽപനയിൽ 2.4 ശതമാനം ഇടിവാണുണ്ടായത്. മുൻ വർഷം ഇതേമാസം 1,39,133 ലക്ഷം കാർ വിറ്റ സ്ഥാനത്ത്  ഇത്തവണ 1,35,775 കാറുകളാണ് വിൽക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കയറ്റുമതി ഉൾപ്പെടെ ആകെ വിൽപനയിൽ കമ്പനിക്ക് വളർച്ച നേടാൻ കഴിഞ്ഞു. 2019 നവംബറിൽ 1,50,630 യൂണിറ്റുകൾ വിറ്റസ്ഥാനത്ത് ഇപ്പോൾ ഇത് 1,53,223 ആയി വർധിച്ചു. 1.7 ശതമാനമാണ് വളർച്ച.

നിലവിൽ 2.95 ലക്ഷം വിലവരുന്ന അൾട്ടോ മുതൽ 11.52 ലക്ഷം രൂപ വിലവരുന്ന മൾട്ടി പർപ്പസ് വെഹിക്കിളായ എക്സ്എൽ6 വരെ ഉള്‍പ്പെടുന്നതാണ് മാരുതിയുടെ ശ്രേണി. 

Follow Us:
Download App:
  • android
  • ios