സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അള്‍ട്ടോ ഹാച്ച് ബാക്കിന്‍റെ സിഎന്‍ജി മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. പ്രാരംഭ വാകഭേദമായ LXIക്ക് 4.11 ലക്ഷം രൂപയും  ഉയര്‍ന്നവകഭേദമായ  LXI (O)ന് 4.14 ലക്ഷം രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില. 

ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കുന്ന എഞ്ചിനും കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടും കൂടി പുതിയ അള്‍ട്ടോയെ ഈ ഏപ്രിലിലാണ് മാരുതി പുതുക്കി അവതരിപ്പിച്ചത്. 

സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ പുതിയ കാറിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും തുടരും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ അള്‍ട്ടോ സിഎന്‍ജിക്ക് കഴിയും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണഅ ട്രാന്‍സ്‍മിഷന്‍.

പവര്‍ സ്റ്റീയറിങ്, HVAC യൂണിറ്റ്, മുന്‍ പവര്‍ വിന്‍ഡോ, പിന്‍ ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങിയവയെല്ലാം പുതിയ സിഎന്‍ജി പതിപ്പിലുമുണ്ട്. പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി LXI (O) വകഭേദം ഒരുങ്ങുന്നത്.

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് ഈ വരുന്ന ഒക്ടോബറില്‍ 40 വയസ് തികയുകയാണ്.  1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്‍റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ അള്‍ട്ടോയുടെ പുതു തലമുറ മോഡലിനെ സുസുക്കി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മോഡല്‍ സുസുക്കി അള്‍ട്ടോയാണ് നിലവില്‍ ആഗോള നിരത്തുകളിലോടുന്നത്. 

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള കാര്‍ മോഡലുകളിലൊന്നാണ് അള്‍ട്ടോ. 2018-19 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വില്പനയുള്ള യാത്രാ വാഹന മോഡൽ എന്ന നേട്ടം ആള്‍ട്ടോ സ്വന്തമാക്കിയിരുന്നു.