ഒറ്റ ക്ലിക്കിൽ കാർ ലോൺ നല്‍കുന്ന സംവിധാനവുമായി രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഓൺലൈൻ വായ്‍പ നല്‍കാന്‍ സ്‍മാർട് ഫിനാൻസ് എന്ന പദ്ധതിയുമായിട്ടാണ് കമ്പനി എത്തുന്നതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സ വഴി വിൽക്കുന്ന കാറുകൾക്കാണ് ഓൺലൈൻ വായ്പാ സൗകര്യം കമ്പനി ഏര്‍പ്പെടുത്തുന്നത്. ഇതിനായി നെക്സ വെബ്‍സൈറ്റിൽ  ഓൺലൈൻ കാർ ഫിനാൻസ് പ്ലാറ്റ്ഫോമായ ‘സ്മാർട് ഫിനാൻസ്’ പ്രവർത്തനസജ്ജമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ചോളമണ്ഡലം ഫിനാൻസ്, മഹീന്ദ്ര ഫിനാൻസ്, എ യു സ്മോൾ ഫിനാൻസ് ബാങ്ക്, കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് എന്നിങ്ങനെ നിലവിൽ എട്ടു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വാഹന വായ്പയാണു മാരുതി സുസുക്കി നെക്സ വെബ്സൈറ്റ് വഴി ലഭിക്കുക. 

തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്തെ 30 നഗരങ്ങളിലെ നെക്സ ഡീലർഷിപ്പുകളിലാണ് തുടക്കത്തിൽ ഓൺലൈൻ വായ്പാ സൗകര്യം ലഭ്യമാവുക. ദില്ലി, ഗുരുഗ്രാം, ലക്നൗ, ജയ്പൂർ, മുംബൈ, പുണെ, അഹമ്മദബാദ്, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ, കൊൽക്കത്ത, ചണ്ഡീഗഢ്, ഗുവാഹത്തി, ഗോവ, ഭുവനേശ്വർ,  ഭോപാൽ, കോയമ്പത്തൂർ, സൂറത്ത്, വഡോദര, റാഞ്ചി, റായ്പൂർ, നാഗ്പൂർ, വിശാഖപട്ടണം, ഉദയ്പൂർ, കാൺപൂർ, വിജയവാഡ, ഡെഹ്റാഡൂൺ നഗരങ്ങളിലെ നെക്സ ഡീലർഷിപ്പുകളിലും ഓൺലൈൻ വായ്പാ സൗകര്യം ലഭ്യമാണ്. 

ശമ്പളക്കാരായ ഉപബോക്താക്കള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന പ്രീ അപ്രൂവ്ഡ് വായ്പകൾ ലഭ്യമാക്കുന്നതിനു പുറമെ ഇ എം ഐ ക്രമീകരിക്കാനുള്ള അവസരവും സ്മാർട് ഫിനാൻസിൽ  ലഭ്യമാണ്. കൂടാതെ വാഹന വായ്പ അപേക്ഷയുടെ സ്ഥിതി ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോമിലുണ്ട്.  വെബ്സൈറ്റിൽ നിന്ന് ഇഷ്ടമുള്ള കാർ മോഡലും ഡീലർഷിപ്പും തിരഞ്ഞെടുക്കുന്ന പിന്നാലെ സ്മാർട് ഫിനാൻസ് വഴി ഉപയോക്താവിന് അനുയോജ്യമായ വായ്പാ പദ്ധതിയും സ്വീകരിക്കാമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. ആവശ്യമായ രേഖകൾ സൈറ്റിൽ അപ്ലോഡ് ചെയ്തശേഷം പരിശോധനയ്ക്കും വിലയിരുത്തലിനുമായി ബാങ്ക് അധികൃതരുടെ സന്ദർശനത്തിനുള്ള സമയക്രമവും ഉപയോക്താവിനു നിശ്ചയിക്കാം.

ഇഗ്നിസ്, സിയാസ്, എസ് ക്രോസ്, എക്സ് എൽ സിക്സ് എന്നിവയാണു നെക്സ ഷോറൂമുകളിലൂടെ വിൽപ്പനയ്ക്കെത്തുന്നത്. അടുത്ത മാർച്ചോടെ അൾട്ടോ അടക്കമുള്ള കാറുകൾ വിൽക്കുന്ന അരീന ഷോറൂമുകളിലും സ്മാർട് ഫിനാൻസ് സൗകര്യം ലഭ്യമാക്കാന്‍ മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.