മാരുതി സുസുക്കിയുടെ സിയാസ് സെഡാൻ മോഡലിന്റെ 2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നു. വിൽപ്പനയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഏപ്രിൽ മാസത്തോടെ ഉത്പാദനം നിർത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ മാരുതി സുസുക്കി പുറത്തുവിട്ടു. ഇത്തവണയും കമ്പനിയുടെ പ്രീമിയം സെഡാൻ സിയാസ് വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും, 2024 ഫെബ്രുവരിയെ അപേക്ഷിച്ച് അതിന്റെ വിൽപ്പന വർദ്ധിച്ചു. കഴിഞ്ഞ മാസം കമ്പനി 199,400 യൂണിറ്റുകൾ വിറ്റു. അതേസമയം 2024 ഫെബ്രുവരിയിൽ ഇത് 197,471 യൂണിറ്റായിരുന്നു. സ്വിഫ്റ്റ്, വാഗൺആർ, ബലേനോ എന്നിവയാണ് കമ്പനിക്ക് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ. അതേസമയം സിയാസിന്റെ 1097 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. 2024 ഫെബ്രുവരിയിൽ ഇതിന്റെ 481 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ 6 മാസത്തിനിടെ സിയാസിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഏപ്രിൽ മാസത്തോടെ സിയാസിന്‍റെ വിൽപ്പന കമ്പനി പൂർണമായും അവാസനിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മാരുതി സുസുക്കി സിയാസ് വിൽപ്പന കണക്കുകൾ- മാസം, യൂണിറ്റ് എന്ന ക്രമത്തിൽ

2024 ജൂലൈ -603 -
2024 ഓഗസ്റ്റ്-707
2024 സെപ്റ്റംബർ-662
2024 ഒക്ടോബർ - 659
2024 നവംബർ - 597
2024 ഡിസംബർ- 464
2025ജനുവരി- 768
2025ഫെബ്രുവരി-1097

സിയാസിന്റെ നാല് വകഭേദങ്ങൾ നീക്കം ചെയ്തു
മാരുതി സിയാസ് ആകെ 7 വകഭേദങ്ങളിൽ ലഭ്യമാണ്. ഇതിൽ സിഗ്മ, ഡെൽറ്റ, ഡെൽറ്റ എടി, സീറ്റ, സീറ്റ എടി, ആൽഫ, ആൽഫ എടി എന്നിവ ഉൾപ്പെടുന്നു. എന്നാൽ നിലവിൽ സിഗ്മ, ഡെൽറ്റ, ഡെൽറ്റ എടി എന്നീ ആദ്യ 2 ട്രിമ്മുകളുടെ വിലകൾ മാത്രമേ ഔദ്യോഗിക വെബ്‌സൈറ്റിൽ ദൃശ്യമാകുന്നുള്ളൂ. അതേസമയം, സീറ്റ, സീറ്റ എടി, ആൽഫ, ആൽഫ എടി എന്നിവയുടെ വിലകൾ ദൃശ്യമല്ല. 2025 മാർച്ചിൽ സിയാസിന്‍റെ ഉത്പാദനം നിർത്തിയേക്കുമെന്നും ഏപ്രിലിൽ സിയാസ് വിപണിയിൽ നിന്നും പൂർണമായും നിർത്തലാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

മാരുതി സിയാസിൻറെ സവിശേഷതകൾ
ഫെബ്രുവരിയിൽ മാരുതി സുസുക്കി പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകി. കൂടാതെ, കമ്പനി ഇതിൽ മൂന്ന് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ചേർത്തിട്ടുണ്ട്. കറുത്ത മേൽക്കൂരയുള്ള പേൾ മെറ്റാലിക് ഒപ്പുലന്റ് റെഡ്, കറുത്ത മേൽക്കൂരയുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, കറുത്ത മേൽക്കൂരയുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിവയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ പുതിയ വേരിയന്റ് പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.14 ലക്ഷം രൂപയാണ്. അതേസമയം, ഉയർന്ന വേരിയന്റിന് 12.34 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും. 

സിയാസിൽ 20-ലധികം സുരക്ഷാ സവിശേഷതകൾ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇപ്പോൾ ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു. അതായത് എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാകും. ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ സവിശേഷതകളും കാറിൽ ലഭ്യമാകും. ഈ സെഡാനിൽ യാത്രക്കാർക്ക് മുമ്പത്തേക്കാൾ സുരക്ഷിതത്വം ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

സിയാസിന്റെ പുതിയ വകഭേദത്തിന്റെ എഞ്ചിനിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 103 bhp പവറും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന പഴയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ഇതിലും. എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മാനുവൽ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റർ വരെയും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 20.04 കിലോമീറ്റർ വരെയും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.