ദില്ലി: കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തെ വാഹന വിപണി വന്‍ തകര്‍ച്ചയിലാണ്. അതിനിടെ പുറത്തുവരുന്ന ഒരു വാര്‍ത്ത വാഹന നിര്‍മ്മാതാക്കളെയും വാഹന പ്രേമികളെയുമൊക്കെ ഒരുപോലെ ആശങ്കയിലാഴ്‍ത്തുന്ന ഒന്നാണ്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 27.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

1,435.50 കോടി രൂപയാണ് ജൂണ്‍ പാദത്തിലെ മാരുതിയുടെ ലാഭം. വാര്‍ഷിക തലത്തില്‍ കണക്കാക്കുമ്പോള്‍ 14.1 ശതമാനം കുറവാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. 

4,02,594 വാഹനങ്ങളാണ് കമ്പനി ജൂണ്‍ പാദത്തില്‍ വിറ്റത്. 17.9 ശതമാനമാണ് ഇടിവ്. രാജ്യത്തെ വിപണിയില്‍ മാത്രം വിറ്റത് 3,74,481 വാഹനങ്ങളാണ്. 19.3 ശതമാനമാണ് വില്‍പനയില്‍ ഇടിവുണ്ടായത്. 28,113 വാഹനങ്ങളാണ് ഈകാലയളവില്‍ കമ്പനി കയറ്റി അയച്ചത്.

വില്‍പ്പന കുറഞ്ഞതും ഉയർന്ന തേയ്‍മാനച്ചെലവുമാണ് ലാഭം കുറയാൻ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.