ദില്ലി: വാഹന ഉല്‍പ്പാദനം ഉയര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2018 നവംബറിനെക്കാള്‍ 4.33% അധിക ഉല്‍പ്പാദനമാണ് 2019 നവംബറില്‍ കമ്പനി നടത്തിയത്. 

2019 നവംബറില്‍ 1,41,834 യൂണിറ്റ് വാഹനങ്ങളാണ് നിര്‍മിച്ചത്. 2018 നവംബറില്‍ 1,35,946 യൂണിറ്റുകളായിരുന്നു ഉല്‍പ്പാദനം. യാത്രാ വാഹനങ്ങളുടെ ഇനത്തില്‍ 3.67% വളര്‍ച്ചയാണുണ്ടായത്. 1,34,149 ല്‍ നിന്ന് 1,39,084 യൂണിറ്റുകളിലേക്ക് നിര്‍മാണം ഉയര്‍ന്നു. യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രേസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയ്ക്ക് 18% വര്‍ധനയുണ്ടായി. 23,038 ല്‍ നിന്ന് 27,187 ലേക്ക് ഉല്‍പ്പാദനം വര്‍ധിച്ചു. ഇടത്തരം സെഡാനായ സിയാസ് (1,460 ല്‍ നിന്ന് 1,830 ലേക്ക്), ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരി (1,797 ല്‍ നിന്ന് 2,750) എന്നിവയുടെയും ഉല്‍പ്പാദനം കഴിഞ്ഞ നവംബറിനെയപേക്ഷിച്ച് ഉയര്‍ന്നു.

അതേസമയം ചെറിയ, കോംപാക്റ്റ് വിഭാഗം കാറുകളായ ഓള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇടിവ് തുടര്‍ന്നു. 2018 നവംബറിലെ 30,129 യൂണിറ്റുകളില്‍ നിന്ന് 20.16% ഇടിഞ്ഞ് ഉല്‍പ്പാദനം 24,052 യൂണിറ്റുകളിലെത്തി. 

2019 സെപ്റ്റംബറില്‍ മാരുതി സുസുക്കി ഇന്ത്യയ്ക്ക് ആകെ ഉല്‍പ്പാദനത്തിന്റെ 17.48 ശതമാനമാണ് കുറച്ചത്. ഒക്‌ടോബറിലും 20.7 ശതമാനം കുറച്ചതോടെ ഉല്‍പ്പാദനം 1,19,337 യൂണിറ്റുകളിലേക്ക് എത്തിയിരുന്നു.