2020 സെപ്റ്റംബര്‍ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനവുമായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 1,60,442 യൂണിറ്റുകളുടെ വിൽപ്പനയാണ് സെപ്‍റ്റംബറില്‍ മാരുതി സുസുക്കി രേഖപ്പെടുത്തിയത്.  കമ്പനിയുടെ വാർഷിക വിൽപ്പനയിൽ 30.8 ശതമാനത്തിന്റെ വളർച്ച. ആഭ്യന്തര വിപണിയിൽ മാരുതി1,50,040 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ അതിൽ 2,568 യൂണിറ്റുകൾ ടൊയോട്ടയ്ക്ക് സംയുക്ത സംരംഭത്തിന്റെ ഭാഗമായി നൽകി. ഇതിൽ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക്, അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവിയുമാണ് ഉൾപ്പെടുന്നത്.

കയറ്റുമതി ഒമ്പത് ശതമാനം ഉയർന്ന്‌ 7,834 യൂണിറ്റായി. 2019ല്‍ ഇത്‌ 7,188 യൂണിറ്റായിരുന്നു. ആഭ്യന്തര, കയറ്റുമതി ഉൾപ്പെടെയുള്ള ബ്രാൻഡിന്റെ മൊത്തം വിൽപ്പന 1,60,442 യൂണിറ്റായി ഉയർന്നു. അൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ കഴിഞ്ഞ മാസം 27,246 യൂണിറ്റ് വിൽപ്പന നേടാനായി. 2019 സെപ്റ്റംബറിൽ ഇത് 20,085 യൂണിറ്റായിരുന്നു. ഇത്തവണ 35.7 ശതമാനത്തിന്റെ വളർച്ച.

വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾപ്പെടുന്ന കോം‌പാക്‌ട് സെഗ്‌മെന്റിൽ 2019 സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത് 47 ശതമാനത്തിന്റെ ഉയർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. 2020 സെപ്റ്റംബറിൽ ഈ വിഭാഗത്തിൽ മൊത്തം 84,213 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.

യൂട്ടിലിറ്റി വെഹിക്കിൾ വിൽപ്പനയിൽ വിഭാഗത്തിൽ ജിപ്‌സി, എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവ ഉൾപ്പെടുന്നു. 2020 സെപ്റ്റംബറിൽ വിൽപ്പന 23,699 യൂണിറ്റിലെത്തിയതിനാൽ ഈ വിഭാഗത്തിൽ 10 ശതമാനത്തിന്റെ നേട്ടം കൊയ്യാൻ കമ്പനിക്ക് സാധിച്ചു. 2019 സെപ്റ്റംബറിൽ ഈ വിഭാഗത്തിന്റെ വിൽപ്പന 21,526 യൂണിറ്റായിരുന്നു. 2020 ഏപ്രിൽ മുതൽ ബി‌എസ്-VI നടപ്പാക്കലിനെ തുടർന്ന് ഓമ്‌നിയെ വിപണിയിൽ നിന്നും പിനവലിച്ചതിനാൽ വാൻ‌ വിഭാഗത്തിൽ‌ ഇക്കോ മാത്രമേ മാരുതി ശ്രേണിയിലുള്ളൂ. ഈ വിഭാഗത്തിൽ‌ 11,220 യൂണിറ്റ് വിൽ‌പനയാണ് സ്വന്തമാക്കിയത്.

എന്നാല്‍ സിയാസ് ഉള്‍പ്പെടുന്ന മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ പ്രകടനം നിറംമങ്ങി. സിയാസ് വിൽപ്പന 2020 സെപ്റ്റംബറിൽ 1,534 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസം 1,715 യൂണിറ്റായിരുന്നു ഇത്. 10 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നത്.