കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിൽപ്പന പൂജ്യം എന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിൽപ്പന പൂജ്യം എന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. 2020 ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ ഒരു കാർ പോലും വിൽക്കാൻ കഴിഞ്ഞില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഒരു മാസം ഒരു കാര്‍ പോലും വില്‍ക്കാനാവാത്തത് മാരുതിയുടെ ചരിത്രത്തില്‍ ഇതാദ്യം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് 19 തടയുന്നതിന്‍റെ ഭാഗമായി സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയിരുന്നതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ഉത്തരവുകൾ പാലിച്ച് ഉൽപാദന സൗകര്യങ്ങളെല്ലാം അടച്ചിരുന്നു. മാർച്ച് 22 മുതൽ കമ്പനി പ്രവർത്തനം നിർത്തിവച്ചിരുന്നു. 

2019 ഏപ്രിലിൽ 134,068 വാഹനങ്ങളാണ് മാരുതി സുസുക്കി ഇന്ത്യ ആഭ്യന്തര വിപണിയിൽ വിറ്റത്. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ മൊത്തം വിൽപ്പന 1,43,245 ആയിരുന്നു. 2020 മാർച്ചിൽ മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന 47.9 ശതമാനം ഇടിഞ്ഞ് 76,976 വാഹനങ്ങളായിരുന്നു. 

കാറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചെങ്കിലും വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടർന്ന് 20 ദിവസത്തിനുള്ളില്‍ മാരുതി 1,500 -ല്‍ അധികം വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകളും നിര്‍മിക്കുന്നുണ്ട്.