Asianet News MalayalamAsianet News Malayalam

എന്താവും മാരുതിയുടെ ആ സര്‍പ്രൈസ്? അള്‍ട്ടോയുടെ ചേട്ടന്‍റെ പുതിയ രൂപമോ?

വീണ്ടും ഒരു ഓട്ടോ എക്സ്പോക്ക് കൂടി അരങ്ങുണരുകയാണ്. ഇത്തവണ മാരുതിയുടെ പവലിയനില്‍ ഒരുങ്ങുന്ന ആ സര്‍പ്രൈസ് എന്താവും?

Maruti Suzuki Reveal Futuro-E Concept SUV At Auto Expo 2020
Author
Mumbai, First Published Dec 13, 2019, 8:51 AM IST

പുതുതലമുറയെ ലക്ഷ്യമാക്കിയുള്ള കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ചെറു എസ്‌യുവി സെഗ്‌മെന്റിലേക്കെത്തുന്ന, വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനം എസ് പ്രസോ എന്ന പേരില്‍ അടുത്തിടെ നിരത്തിലെത്തി. മികച്ച പ്രതികരണമാണ് വാഹനത്തിന്. 

വീണ്ടും ഒരു ഓട്ടോ എക്സ്പോക്ക് കൂടി അരങ്ങുണരുകയാണ്. ഇത്തവണ മാരുതിയുടെ പവലിയനില്‍ ഫ്യുച്ചറോ-ഇ എന്ന പേരില്‍ പുതിയ ഒരു മോഡലാണ് സാന്നിധ്യമറിയിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതിയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനമായിരിക്കും ഫ്യൂച്ചറോ-ഇ എന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞന്‍ എസ്-പ്രെസോയുടെ ഇലക്ട്രിക് പതിപ്പായിരിക്കും ഫ്യൂച്ചറോ-ഇ എന്നും സൂചനകളുണ്ട്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ എസ്-പ്രെസോയുടെ പിന്‍ഗാമിയായെത്തിയ ഫ്യൂച്ചര്‍-എസ് കണ്‍സെപ്റ്റുമായുള്ള രൂപസാദൃശ്യമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം.

മാരുതിയുടെ മറ്റൊരു ഇലക്ട്രിക് മോഡലായ ഇ-വാഗണ്‍ആറിന്റെ പ്ലാറ്റ്ഫോമിലായിരിക്കും ഫ്യൂച്ചറോ-ഇ ഒരുങ്ങുക. ബാറ്ററി പൂര്‍ണമായും ചാര്‍ജാകാന്‍ ഏഴ് മണിക്കൂര്‍ സമയമാണ് വേണ്ടത്. സ്പീഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ വില ഏഴു ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതോടെയാണ് പുത്തന്‍ വാഗണ്‍ ആര്‍ ഈ മോഹ വിലയ്ക്കു വിപണിയിലെത്തുക.

ഇലക്ട്രിക് വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിനുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്ട്രിക് വാഗണ്‍ ആറിന് സാധിക്കും. ബാറ്ററി ശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടാവുമോ എന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിപണിയില്‍ എസ് പ്രസോയുടെ കുതിപ്പ് തുടരുകയാണ്. 2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനകം നിരവധി  ഉപഭോക്താക്കള്‍ എസ്-പ്രെസോയെ തേടിയെത്തി.

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണെത്തുന്നത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.   3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്.

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു.

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്.

അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍.

3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും. റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios