Asianet News MalayalamAsianet News Malayalam

നിരത്തില്‍ കുതിച്ച് കുഞ്ഞന്‍ എസ്‍-പ്രെസോ, കണ്ണുതള്ളി വമ്പന്മാര്‍!

ജൂണില്‍ 220 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്. അധികം വൈകാതെ തന്നെ മോഡല്‍ മാരുതി നിരയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Maruti Suzuki S-Presso Sales Reports
Author
Mumbai, First Published Jul 28, 2021, 8:19 AM IST

രാജ്യത്തെ ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച വാഹനമാണ് എസ്-പ്രെസോ. 2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നാണ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ജൂണില്‍ മാരുതി സുസുക്കിക്ക് എസ്-പ്രസോയുടെ 4,926 യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 3,160 യൂണിറ്റ് വില്‍പ്പനയാണ് മോഡലിന് ലഭിച്ചത്. വില്‍പ്പനയില്‍ 56 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അതേസമയം പ്രതിമാസ വില്‍പ്പനയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയും വാഹനം സ്വന്തമാക്കി. ഈ വര്‍ഷം മെയ് മാസത്തില്‍ മൈക്രോ എസ്‌യുവിയുടെ 1,540 യൂണിറ്റുകള്‍ മാത്രമേ കമ്പനിക്ക് വില്‍ക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ജൂണില്‍ 220 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്. അധികം വൈകാതെ തന്നെ മോഡല്‍ മാരുതി നിരയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കി എസ്-പ്രസോയുടെ പ്രാരംഭ പതിപ്പിന് 3.78 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.26 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2019ല്‍ എത്തുന്നത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്. 

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു. 

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്.  അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍. 3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും.  റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios