2020 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കിക്ക് നേട്ടവും കോട്ടവും. 2020 നവംബർ മാസത്തിൽ മൊത്തം 1,53,223 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി സുസുക്കി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 1,50,630 യൂണിറ്റുകളെ അപേക്ഷിച്ച് 1.7 ശതമാനം വർധനവ് നേടാനും കമ്പനിക്ക് കഴിഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കഴിഞ്ഞ മാസം അൾട്ടോ, എസ്-പ്രെസോ എന്നിവയുടെ സംയുക്ത വിൽപ്പന 22,339 യൂണിറ്റായിരുന്നു. 2019 ൽ ഇതേ കാലയളവിൽ 26,306 യൂണിറ്റ് വിറ്റ സ്ഥാനത്തായിരുന്നു ഇത്. ഈ മോഡലുകളുടെ വാർഷിക വിൽപ്പനയിൽ 15.1 ശതമാനം ഇടിവാണ് ഉണ്ടായത്.

മൊത്തം 76,630 യൂണിറ്റുകളുടെ വിൽപ്പനയാണ് വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ ഉൾക്കൊള്ളുന്ന കോംപാക്‌ട് ക്ലാസിന് ഈ വർഷം നവംബറിൽ ലഭിച്ചത്. കണക്കുകൾ അനുസരിച്ച് ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം വിറ്റ 78,013 യൂണിറ്റുകളിൽ നിന്ന് 1.8 ശതമാനം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തിയത്.

എന്നാൽ, സിയാസ് മിഡ്-സൈസ് സെഡാൻ കഴിഞ്ഞ മാസം നല്ല വിൽപ്പന നേടി. ഈ വർഷം കാറിന്റെ 1,870 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2019-ൽ ഇത് 1,448 യൂണിറ്റുകളായിരുന്നു. എർട്ടിഗ, വിറ്റാര ബ്രെസ, XL6, എസ്-ക്രോസ് എന്നിവ ഉൾപ്പെടുന്ന പാസഞ്ചർ യൂട്ടിലിറ്റി നിരയിൽ മാരുതി സുസുക്കി 23,753 യൂണിറ്റുകളുടെ വിൽപന സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.