Asianet News MalayalamAsianet News Malayalam

ജനപ്രിയ നിരയിലേക്ക് ഓടിക്കയറി അള്‍ട്ടോയുടെ ചേട്ടനും!

വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനകമാണ് ഇത്രയും  ഉപഭോക്താക്കള്‍ എസ്-പ്രെസോയെ തേടിയെത്തിയത്

Maruti Suzuki sells over 10000 units of S-Presso in October 2019
Author
Mumbai, First Published Nov 20, 2019, 4:58 PM IST

ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച എസ്-പ്രെസോക്ക് മികച്ച വില്‍പ്പനയെന്ന് കമ്പനി.  2019 ഒക്ടോബറിൽ എസ്-പ്രസോയുടെ 10,634 യൂണിറ്റുകളാണ് വിറ്റു പോയതെന്ന് മാരുതി സുസുക്കി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം മാരുതിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവുമധികം വിൽപ്പന നടത്തിയ 10 മോഡലുകളുടെ പട്ടികയിൽ ഇടംപിടിക്കാനും എസ്-പ്രെസോയ്ക്ക് സാധിച്ചു. പതിവുപോലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ അൾട്ടോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളാണുള്ളത്.

ഇത് രണ്ടാം തവണയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ പ്രതിമാസ വിൽപ്പന കണക്കുകളിൽ എസ്-പ്രെസോ ഇടംപിടിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് എൻട്രി ലെവൽ വിഭാഗത്തിൽ എസ്-പ്രെസ്സോയ്ക്ക് സ്വന്തമായൊരും സ്ഥാനം നേടിയെടുക്കാൻ സാധിച്ചെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. എസ്-പ്രെസ്സോയുടെ ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും വാഹനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ശശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

2019 സെപ്‍തംബര്‍ 30നാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനകമാണ് ഇത്രയും  ഉപഭോക്താക്കള്‍ എസ്-പ്രെസോയെ തേടിയെത്തിയത്.  രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയുള്ള വാഹനം രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണെത്തുന്നത്. കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി  ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.   3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്നത്. വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി സെഗ്മെന്റിലെത്തുന്ന വാഹനം പൂര്‍ണമായും മാരുതിയുടെ ഇന്ത്യയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാഹനമാണ്. 

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്‍യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്‍തനാക്കുന്നു. 

ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്ത് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവലും ഓട്ടോമാറ്റിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകളുണ്ട്. 

അകത്തളത്തില്‍ സ്‍മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയുണ്ട്. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ചേര്‍ന്നതാണ് ഡാഷ്ബോര്‍ഡ്. സ്റ്റിയറിങ് വീലിന് പിന്നില്‍ നിന്നും മാറി ഡാഷ്ബോര്‍ഡിന് നടുവിലാണ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍. 

3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസുമുള്ള വാഹനത്തില്‍ ഡ്യുവല്‍ എയര്‍ബാഗടക്കം പത്തിലേറെ സുരക്ഷാ സന്നാഹങ്ങളുമുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും. 

റെനോ ക്വിഡ്, മഹീന്ദ്ര കെയുവി 100, ഹ്യുണ്ടായി വെന്യു, ടാറ്റ എച്ച്2എക്സ് തുടങ്ങിയവരാണ് എസ് പ്രസോയുടെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios