വിപണി പിടിച്ചടക്കാൻ എതിരാളികൾ പുറത്തിറക്കിയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ജനങ്ങൾക്ക് മാരുതിയിലുള്ള വിശ്വാസത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല എന്നതിന്റെ തെളിവാണിതെന്നും കമ്പനി

കൊച്ചി: ഇന്ത്യൻ വാഹനവിപണിയുടെ കുതിപ്പിന് തടയിടാൻ കോവിഡിനും കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ വർഷത്തെ വാഹനവില്പനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 11,49,219 കാറുകൾ വിറ്റ മാരുതി തന്നെയാണ് ഈ വർഷവും ഇന്ത്യൻ വാഹനവിപണിയിലെ നായകർ. വിപണി പിടിച്ചടക്കാൻ എതിരാളികൾ പുറത്തിറക്കിയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ജനങ്ങൾക്ക് മാരുതിയിലുള്ള വിശ്വാസത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല എന്നതിന്റെ തെളിവാണിത്. തൊട്ടടുത്ത സ്ഥാനക്കാരായ ഹുണ്ടായ് 4,23,642 കാറുകളാണ് വിറ്റിട്ടുള്ളത്.

1,70,151 കാറുകൾ വിറ്റ ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകൾ വിറ്റ കിയ നാലാമതും 1,36,953 കാറുകൾ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്. 14 ബ്രാന്‍ഡുകളിൽ ഫിയറ്റ് ആണ് ഏറ്റവും കുറച്ചു കാറുകൾ വിറ്റത്, 5226 എണ്ണം. 2,363,887 കാറുകളാണ് 2020 ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യയിൽ ആകെ വിറ്റത്.

വാഹനവിപണിക്ക് പരീക്ഷണത്തിന്‍റെ വർഷമായിരുന്നു 2020. കോവിഡ് മൂലം മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള വില്‍പ്പനയിൽ കുത്തനെയുള്ള
ഇടിവാണ് രേഖപ്പെടുത്തിയത്. 2019ൽ രണ്ടരലക്ഷം കാറുകൾ വിറ്റ മാസമായിരുന്നു ഏപ്രിൽ എങ്കിൽ 2020 ഏപ്രിലിൽ ഒരു കമ്പനിക്കും ഒരു
കാറുപോലും വിൽക്കാനായില്ല. മാർച്ചും മെയും ജൂണുമെല്ലാം വില്‍പ്പന മുൻവർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയായി.

എന്നാൽ ജൂലൈ ആയപ്പോഴേക്കും മാരുതി പിടിച്ചു കയറി മുൻവർഷത്തെ വില്പനക്കൊപ്പമെത്തി. ആഗസ്റ്റ്-സെപ്തംബറോടെ മറ്റു ബ്രാൻ്റുകളും തങ്ങളുടേതായ വില്പനകൾ തിരിച്ചുപിടിച്ചു. ടാറ്റയും കിയയും റിനോൾട്ടും എംജിയുമാണ് വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ
നേട്ടമുണ്ടാക്കിയത്.

ഒരു മാസം വില്പന പൂജ്യമായിട്ടും പ്രധാന നാലുമാസങ്ങൾ വില്പന പകുതിയിലും താഴെയായിട്ടും 2019നെ അപേക്ഷിച്ച് 2020ൽ 3,36,724 വാഹനങ്ങളുടെ കുറവേ ആകെ വില്പനയിൽ മാരുതിക്കുണ്ടായുള്ളൂ. ശരാശരി ഒരു ലക്ഷത്തോളം കാറുകൾ പ്രതിമാസം വിൽക്കാൻ മാരുതിക്കായി.

ഇന്ത്യയിൽ ആകെ വിൽക്കുന്ന കാറുകളിൽ പകുതിയും മാരുതിയുടേതാണ് എന്നത് ഇന്ത്യൻ നിരത്തുകളിലെ ജനപ്രിയവാഹനമെന്ന പദവിൽ അജയ്യരായി മാരുതി തന്നെ തുടരുമെന്നതിന്‍റെ തെളിവാണ്. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടിയിലേറെയാണ് മാരുതി കാറുകളുടെ വില്‍പ്പന.