Asianet News MalayalamAsianet News Malayalam

ബിഎസ് 6 എൻജിനോടെ മാരുതി സൂപ്പർ കാരി

മാരുതി സുസുക്കിയുടെ ഏക ലഘു വാണിജ്യ വാഹനമായ സൂപ്പർ കാരി മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരമുള്ള പെട്രോൾ – സി എൻ ജി എൻജിനോടെ വിൽപ്പനയ്ക്കെത്തി. 

Maruti Suzuki Super Carry S-CNG BS6 launched in India
Author
Mumbai, First Published May 26, 2020, 1:49 PM IST

മാരുതി സുസുക്കിയുടെ ഏക ലഘു വാണിജ്യ വാഹനമായ സൂപ്പർ കാരി മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് (ബി എസ് ആറ്) നിലവാരമുള്ള പെട്രോൾ – സി എൻ ജി എൻജിനോടെ വിൽപ്പനയ്ക്കെത്തി. എൽ സി വി വിഭാഗത്തിൽ ബി എസ് ആറ് എൻജിനോടെ വിപണിയിലെത്തുന്ന ആദ്യ മോഡലെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്ന ‘ബി എസ് ആറ് സൂപ്പർ കാരി’യുടെ ഷോറൂം വില 5.07 ലക്ഷം രൂപയാണ്. ബി എസ് ആറ് നിലവാരത്തോടെ മാരുതി സുസുക്കി അവതരിപ്പിച്ച ‘എസ് — സി എൻ ജി’ ശ്രേണിയിലെ ആറാമതു മോഡലുമാണ് സൂപ്പർ കാരി. 

സൂപ്പർ കാരിക്കു കരുത്തേകുന്നത് 1.2 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. 6,000 ആർ പി എമ്മിൽ 65 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 85 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  റിവേഴ്സ് പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പൂട്ടി സൂക്ഷിക്കാവുന്ന ഗ്ലൗ ബോക്സ്, വലിപ്പമേറിയ ലോഡിങ് ഡെക്ക് എന്നിവയെല്ലാം സഹിതമാണ് പുതിയ സൂപ്പർ കാരിയുടെ വരവ്. 

ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്‍തംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രാജ്യത്തെ മുന്നൂറ്റി ഇരുപതിലേറെ വാണിജ്യ വാഹന വിൽപ്പന ശാലകളിലൂടെ 56,000 സൂപ്പർ കാരിയാണു കമ്പനി ഇതുവരെ വിറ്റഴിച്ചത്. 

എൺപതുകളിൽ ജപ്പാൻ നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ സുസുക്കി 'കാരി'യുടെ സ്മരണ നിലനിർത്തിയായിരുന്നു വാഹനത്തിന്‍റെ അവതരണം. മഹീന്ദ്ര മാക്സിമൊ, ഫോഴ്സ് ട്രംബ്, ടാറ്റ എയ്സ് തുടങ്ങിയവയെപ്പോലെ ചെറിയ രീതിയിൽ ഭാരംവഹിക്കുന്ന വാഹനമാണ് സൂപ്പർ കാരി. 

രൂപവും ഏതാണ്ട് ഇവയോട് ചേർന്നുനിൽക്കും. എന്നാല്‍ എയ്സോ മാക്സിമോയോ പോലെ അത്ര ആകാര വടിവില്ല. 3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്. 160 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ഉള്ളിൽ സാധനങ്ങൾ സൂക്ഷിക്കാന്‍ ധാരാളം ഇടമുണ്ട്. രണ്ടുപേർക്ക് സുഖമായിരിക്കാം. കോ ഡ്രൈവർ സീറ്റും വിശാലമാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വകഭേദങ്ങളില്‍ രാജ്യത്തുടനീളം സൂപ്പര്‍ കാരി വിപണിയിലുണ്ട്.  

മിനി ട്രക്ക് വിഭാഗത്തിൽ മികച്ച പ്രകടനമാണു സൂപ്പർ കാരി കാഴ്ച വയ്ക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അവകാശപ്പെട്ടു. 

Follow Us:
Download App:
  • android
  • ios