Asianet News MalayalamAsianet News Malayalam

മാരുതിയെ തോല്‍പ്പിക്കാനാകില്ല മക്കളേ, പുത്തന്‍ സ്വിഫ്റ്റ് ഉടനെത്തും!

ഫെബ്രുവരി മൂന്നാം വാരത്തോടെ വാഹനത്തെ അവതരിപ്പിക്കുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Maruti Suzuki Swift 2021 Launch Follow Up
Author
Mumbai, First Published Feb 5, 2021, 9:49 PM IST

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്‍റെ പുതിയ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തിയേക്കും. ഫെബ്രുവരി മൂന്നാം വാരത്തോടെ വാഹനത്തെ അവതരിപ്പിക്കുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വിഫ്റ്റിന്റെ മുഖം മിനുക്കിയ മോഡല്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായ മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളായിരിക്കും 2021 സ്വിഫ്റ്റില്‍ വരുത്തുകയെന്നാണ് വിവരം. നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരക്കും ഇതില്‍ നല്‍കുക.

പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍ ആണ് പ്രത്യേകത. ഹണികോം മെഷ് ഡിസൈന്‍, ക്രോം സ്ട്രിപ്പ് എന്നിവ ഉപയോഗിച്ച് ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. പുതിയ അലോയ് വീലുകളും നൽകിയിട്ടുണ്ട്. 

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മള്‍ട്ടി-കളര്‍ എംഐഡി, മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് തുടങ്ങിയ ഫീച്ചറുകൾ ലഭിച്ചേക്കും. ഓള്‍-ബ്ലാക്ക് ക്യാബിന്‍ നിലനിര്‍ത്തിയേക്കും. ഫെയ്‌സ്‌ലിഫ്റ്റ് ഹാച്ച്ബാക്കിനൊപ്പം പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പുത്തന്‍ എഞ്ചിന്‍ തന്നെയാകും 2021 സ്വിഫ്റ്റിനെ വേറിട്ടതാക്കുന്നത്. പുതിയ കെ 12 എൻ ഡ്യുവൽ ജെറ്റ് യൂണിറ്റായിരിക്കും എഞ്ചിനിലെ പ്രധാന മാറ്റം. നിലവിലെ 1.2 ലിറ്റർ നാല് സിലിണ്ടർ കെ 12 എം എഞ്ചിനേക്കാൾ ഈ എഞ്ചിന്‍ കൂടുതൽ ഊർജ്ജം നൽകുമെന്ന് മാത്രമല്ല, മികച്ച ഇന്ധനക്ഷമതയും വാഗ്‍ദാനം ചെയ്യും. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ 1.2 ലിറ്റര്‍ K12 ഡ്യുവല്‍ ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 90 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കും. ടോര്‍ക്കില്‍ മാറ്റമുണ്ടാകില്ല. അഞ്ച് സ്‍പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് യൂണിറ്റുകളായിരിക്കും ട്രാന്സ്‍മിഷന്‍.  

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. ജനപ്രിയ മോഡലിന് അടുത്തകാലത്തായി വിപണിയില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. അതുകൊണ്ട് പുതിയ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. 

വിലയെ സംബന്ധിച്ചിടത്തോളം, വേരിയന്റിനെ ആശ്രയിച്ച് നിലവിലെ മോഡലില്‍ നിന്നും 15,000 രാപ മുതല്‍ 20,000 രൂപ വരെ എങ്കിലും വർദ്ധനവ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോർഡ് ഫിഗോ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയവരായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.  

Follow Us:
Download App:
  • android
  • ios