Asianet News MalayalamAsianet News Malayalam

എതിരാളികളെ പപ്പടം പോലെ പറത്തി സ്വിഫ്റ്റ്, മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്കളേ!

വിപണിയില്‍ മാന്ദ്യം തുടരുമ്പോഴും കിടിലന്‍ വില്‍പ്പനയുമായി മാരുതിയുടെ ജനപ്രിയ ഹാച്ച് ബാക്ക് സ്വിഫ്റ്റ്

Maruti Suzuki Swift Becomes Best Selling Car in November 2019
Author
Mumbai, First Published Dec 9, 2019, 5:10 PM IST

വാഹന വിപണിയില്‍ മാന്ദ്യം തുടരുമ്പോഴും കിടിലന്‍ വില്‍പ്പനയുമായി മാരുതിയുടെ ജനപ്രിയ ഹാച്ച് ബാക്ക് സ്വിഫ്റ്റ്. നവംബര്‍ മാസത്തില്‍ മാത്രം 19,314 യൂണിറ്റ് സ്വിഫ്റ്റുകളാണ് നിരത്തിലെത്തിയത്. അങ്ങനെ നവംബറിലെ ടോപ്പ് സെല്ലിങ്ങ് കാര്‍ എന്ന ബഹുമതിയും സ്വിഫറ്റ് സ്വന്തമാക്കി. 

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി വിപണിയിലെത്തുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിന്‍റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് പുതിയ സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്‍തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്‍തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ റിയര്‍ പാര്‍ക്കിങ് സെന്‍സറും സുരക്ഷയൊരുക്കും.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. 

5.17 ലക്ഷം രൂപ മുതല്‍ 8.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഗ്രാന്‍ഡ് ഐ10 നിയോസ് തുടങ്ങിയ കരുത്തന്മാരാണ് സ്വിഫ്റ്റിന്‍റെ എതിരാളികള്‍. 
 

Follow Us:
Download App:
  • android
  • ios