വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്.

വിപണിയില്‍ അവതരിപ്പിച്ച ശേഷം ഇതുവരെ 5,08,673 യൂണിറ്റുകളുടെ വില്‍പ്പന നടന്നുവെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. വിപണിയില്‍ എത്തി ആദ്യ 12 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം യൂണിറ്റ് വില്‍പന കൈവരിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചിരുന്നു.  

വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മാരുതിയുടെ വില്‍പ്പനയില്‍ കരുത്തേകിയ മോഡലാണ് ബ്രെസ. ബെസ്റ്റ് സെല്ലിങ് കോമ്പാക്ട് എസ്‌യുവിയായ ബ്രെസയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ 44.1 ശതമാനം വിപണി വിഹിതമുണ്ട്.
20 മാസത്തിനുള്ളില്‍ രണ്ട് ലക്ഷവും 28 മാസത്തില്‍ മൂന്ന് ലക്ഷം യൂണിറ്റും വാഹനം പിന്നിട്ടു. പിന്നീടുള്ള ഏഴ് മാസത്തിനുള്ളില്‍ വില്‍പന നാല് ലക്ഷത്തില്‍ എത്തിക്കാനും കമ്പനിക്ക് സാധിച്ചു.പ്രതിമാസം 10,000 അധികം യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്. 2019 ഡിസംബര്‍ മാസത്തില്‍ 13,658 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2019 ജൂലൈ മാസത്തില്‍ മാത്രമാണ് വാഹത്തിന്റെ വില്‍പ്പന താഴേയ്ക്ക് പോയത്. എങ്കിലും കഴിഞ്ഞ മാസത്തോടെ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ബ്രെസയ്ക്ക് സാധിച്ചു.

41 മാസത്തിനുള്ളില്‍ നാലര ലക്ഷം യൂണിറ്റും, പിന്നിട് 46 മാസം പിന്നിട്ടപ്പോള്‍ അഞ്ച് ലക്ഷം യൂണിറ്റിലും വില്‍പ്പന എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആദ്യം മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരുന്നു വാഹനം വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ അടുത്ത നാളില്‍ ഓട്ടോമാറ്റിക് പതിപ്പും വിപണിയില്‍ എത്തി. വില്‍പനയില്‍ 20 ശതമാനവും ഓട്ടോമാറ്റിക് പതിപ്പിനാണെന്നും കമ്പനി വ്യക്തമാക്കി. തുടക്കത്തില്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

മൂന്നു വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച ശേഷം ബ്രസയില്‍ കാര്യമായ മാറ്റങ്ങളൊന്നും മാരുതി വരുത്തിയിരുന്നില്ല. എന്നാല്‍ 2020 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ വിറ്റാര ബ്രെസയുടെ പരിഷ്കരിച്ച പതിപ്പിനെ മാരുതി സുസുക്കി പ്രദർശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പുതിയ വാഹനത്തിന്റെ രണ്ട് സ്പൈ ചിത്രങ്ങൾ അടത്തിടെ പുറത്തു വന്നിരുന്നു.

മുൻവശത്ത്, വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്ക് ഏറ്റവും കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നു. അതേ വലുപ്പത്തിൽ സമാനമായി നിലനിൽക്കുന്ന എന്നാൽ പരിഷ്കരിച്ച ഡിസൈനുമായി എത്തുന്ന പുതിയ ഗ്രില്ലാണ് മുൻവശത്തെ പ്രധാന മാറ്റം. എൽ‌ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോടു കൂടിയ പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റുകളും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു.

നിലവിൽ വിപണിയിലുള്ള മാരുതി സുസുക്കി ഡിസയർ, ഇഗ്നിസ് എന്നിവയിലെ പോലെ വരാനിരിക്കുന്ന വിറ്റാര ബ്രെസ്സയിലും പൂർണ്ണ എൽഇഡി സെറ്റപ്പ് നൽകാൻ ഒരുങ്ങുകയാണ്. വലിയ ഫോഗ് ലാമ്പുകൾ സ്ഥാപിക്കുന്നതിനായി വാഹനത്തിന്റെ ബമ്പർ പോലും പരിഷ്കരിച്ചിരിക്കുന്നു. അതേസമയം  വാഹനത്തിന്റെ ബോഡിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് എസ്‌യുവിയുടെ രൂപഘടന അതേപടി തുടരുന്നു. വശത്തെ ഒരേയൊരു മാറ്റം മനോഹരമായി കാണപ്പെടുന്ന പുതിയ അലോയി വീലുകളാണ്.

പരിഷ്കരിച്ച ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്ത ബമ്പറും വാഹനത്തിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെയിൽ‌ഗേറ്റും മറ്റ് ഭാഗങ്ങളും അതേപടി തുടരുമെന്നും പുനർ‌രൂപകൽപ്പന ചെയ്‌ത ഇൻ‌സ്ട്രുമെൻറ് ക്ലസ്റ്റർ‌, പുതിയ അപ്ഹോൾ‌സ്റ്ററി, പുതിയ  കണക്റ്റഡ് ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റം തുടങ്ങിയവയും പുതിയ ബ്രസയില്‍ വാഹനപ്രേമികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബി‌എസ്6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയ ശേഷം ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകില്ലെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ബ്രെസയുടെ പുതിയ പതിപ്പിന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്ന സിംഗിൾ എഞ്ചിൻ ഓപ്ഷനാവും കമ്പനി നൽകുക. എർട്ടിഗയിലും സിയാസിലും കരുത്തേകുന്ന അതേ എഞ്ചിനാണിത്. ഭാവിയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.