Asianet News MalayalamAsianet News Malayalam

വാഗണ്‍ ആര്‍ വളരുന്നു, ക്യാമറയില്‍ കുടുങ്ങി ഏഴു സീറ്റര്‍

ഇന്ത്യയില്‍ വീണ്ടും പരീക്ഷണയോട്ടം തുടങ്ങി ഏഴ് സീറ്റര്‍ വാഗണ്‍ആര്‍  

Maruti Suzuki Wagon R Seven seat vehicle spied testing
Author
Mumbai, First Published Jul 23, 2020, 4:16 PM IST

ജനപ്രിയവാഹനം വാഗണ്‍ ആറിന്റെ സെവന്‍ സീറ്റര്‍ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നുവെന്ന് കുറച്ചുകാലമായി കേട്ടുതുടങ്ങിയിട്ട്. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു സീറ്റര്‍ വാഗണ്‍ ആര്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായും കുറേക്കാലമായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരമൊരു വാര്‍ത്ത എത്തിയിരിക്കുന്നു.

ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ഇന്ത്യയില്‍ വീണ്ടും പരീക്ഷണയോട്ടം തുടങ്ങി എന്നാണ് വാര്‍ത്തകള്‍. വാഹനം നടത്തുന്നത് എന്ന പേരില്‍ ഈ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയില്‍ ദില്ലിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ നിരത്തുകളിലുള്ള വാഗണ്‍ആറിലെ ബോക്‌സി ഡിസൈനിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്. ഒരുനിര സീറ്റ് അധികമുള്ളതിനാല്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിന് റെഗുലര്‍ മോഡലിനെക്കാള്‍ വലിപ്പം കൂടുതലുണ്ട്. 

എർട്ടിഗക്ക്​ താഴെയുള്ള മാരുതിയു​ടെ എം.പി.വിയായിരിക്കും വാഗൺ ആർ അടിസ്ഥാനമാക്കി പുതുതായി പുറത്തിറക്കുന്ന കാർ.  പ്രീമിയം ഇൻറീരിയറുമായിട്ടാവും ഏഴ്​ സീറ്റർ വാഗൺ ആർ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമൊടുവിലെത്തിയ വാഗണ്‍ആറില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 77 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഉള്‍വശത്തെ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകളായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഏഴ് സീറ്റര്‍ വാഗണ്‍ആറിലും നല്‍കും. ശക്തമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിന്റെ ഹൈലൈറ്റാകും. 

മാരുതിയുടെ ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമായിരിക്കും ഏഴ് സീറ്റര്‍ വാഗണ്‍ആറിനും അടിസ്ഥാനമൊരുക്കുക. അതേസമയം, ഹെഡ്‌ലൈറ്റ്, ഗ്രില്ല് തുടങ്ങിയവയില്‍ റെഗുലര്‍ വാഗണ്‍ആറില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തും. പിന്‍വശം പുതുതലമുറ വാഗണ്‍ആറിന് സമാനമായിരിക്കും.  എന്നാല്‍ ഈ വാര്‍ത്തകള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഇല്ല. 

മൂന്നു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജപ്പാനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്. വാഗണ്‍ ആര്‍ R3 എന്ന ഈ വാഹനമാവും ഇന്ത്യയിലെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 2018ല്‍ ജപ്പാനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി പുറത്തിറക്കിയിരുന്നു.  ഈ വാഹനത്തില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന്‍ സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്‍സ്മിഷന്‍. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം.

ജനപ്രിയ ഹാച്ച് ബാക്കായ വാഗണ്‍ ആറിന് അടുത്തിടെ 20 വയസ് തികഞ്ഞിരുന്നു. വാഹനം നിരത്തിലെത്തി രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ 24 ലക്ഷത്തോളം വാഗൻ ആർ ഇതുവരെ ഇന്ത്യയിൽ വിറ്റുപോയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. മാത്രമല്ല വാഗണ്‍ ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. അഞ്ചു വർഷത്തിനൊടുവിൽ 2004ല്‍ വിൽപ്പന ആദ്യ ലക്ഷം തികച്ചു. 2017ൽ 20 ലക്ഷം യൂണിറ്റും പിന്നിട്ടു. 2019 ജനുവരിയിലാണ് വാഗണ്‍ ആറിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെ മാരുതി അവതരിപ്പിക്കുന്നത്. നിലവില്‍ ഈ മോഡലാണ് വിപണിയിലുള്ളത്.

നിലവില്‍ വിപണിയിലുള്ള പുതുതലമുറ വാഗണ്‍ ആറിന് പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളിലാണ്  വാഹനമെത്തുന്നത്.

വാഗണ്‍ ആറിന്‍റെ വൈദ്യുത മോഡല്‍  അടുത്ത വര്‍ഷം പുറത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 200 കിലോമീറ്റര്‍ ഓടുന്ന വാഹനത്തിന്‍റെ പരീക്ഷണയോട്ടം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഗുലര്‍ വാഗണ്‍ ഹാച്ച് ബാക്കില്‍ നിന്ന് രൂപത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഇലക്ട്രിക് പതിപ്പിന് ഉണ്ടാകുകയുള്ളു. ടോള്‍ ബോയ് സ്റ്റൈല്‍ അനുകരിച്ചാണ് ഇ-വാഗണ്‍ ആറും എത്തുന്നത്.

Follow Us:
Download App:
  • android
  • ios