രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. 5.44 ലക്ഷം രൂപ മുതൽ 8.27 ലക്ഷം രൂപ വരെയാണ് ഈ പ്രത്യേക സ്വിഫ്റ്റിന്റെ ദില്ലി എക്സ് ഷോറൂം വില എന്ന് ഓട്ടോകാര് പ്രൊഫഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ മോഡലിനെക്കാള്‍ 24,999 രൂപ അധികം. 

സ്വിഫ്റ്റിന്റെ ഏഴു വകഭേദങ്ങളും പരിമിതകാല പതിപ്പായി വിപണിയിലുണ്ട്.  എൽ എക്സ്ഐ, വിഎക്സ്ഐ, സെഡ് എക്സ് ഐ, സെഡ്എക്സ്ഐപ്ലസ് വകഭേദങ്ങളെല്ലാം പ്രത്യേക പതിപ്പായി ലഭിക്കും. കാറിന്റെ അകത്തും പുറത്തും പരിഷ്‍കാരങ്ങൾ നടപ്പാക്കുന്ന അക്സസറി പാക്കേജാണു കമ്പനി അവതരിപ്പിക്കുന്നത്. 

ഗ്ലോസ് ബ്ലാക്ക് നിറമടിച്ച മുൻഭാഗം, പാർശ്വം, പിൻ സ്കർട്ട്, വിൻഡോകളിൽ റയിൻ ഡിഫ്ലക്ടർ, ഡോറിൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ട്രിം തുടങ്ങിയവ അക്സസറികളാണു സ്വിഫ്റ്റ് പ്രത്യേക പതിപ്പിൽ ലഭിക്കുക. കൂടാതെ ഗ്ലോസ് ബ്ലാക്ക് പിൻ സ്പോയ്ലർ, മുൻ ഗ്രില്ലിലും ടെയിൽ ലൈറ്റിലും ഫോഗ് ലൈറ്റ് ക്ലസ്റ്ററിലുമൊക്കെ കറുപ്പിന്റെ സ്പർശം തുടങ്ങിയവുമുണ്ട്. പുത്തൻ സ്പോർട്ടി സീറ്റ് കവറുകളും ഈ പരിമിതകാല പതിപ്പിന്റെ അക്സസറി പായ്ക്കിൽ ഇടംപിടിക്കുന്നുണ്ട്.

മെക്കാനിക്കലായ മാറ്റങ്ങളൊന്നും പുതിയ വകഭേദത്തിനില്ല. നിലവിലെ എഞ്ചിന്‍ തന്നെയാണ് പുതിയ വാഹനത്തിന്‍റെയും ഹൃദയം. 1.2 ലീറ്റർ, കെ 12 ബി പെട്രോൾ എൻജിനോടെ മാത്രമാണു നിലവിൽ സ്വിഫ്റ്റ് വിൽപ്പനയ്ക്കെത്തുന്നത്  ഈ എഞ്ചിന്‍ 83 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കും. 

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി അ!ഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എബിഎസ് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുന്‍ഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.