Asianet News MalayalamAsianet News Malayalam

സ്‍മാർട്ട്‌പ്ലേ സ്റ്റുഡിയോയുമായി സ്വിഫ്റ്റ്, വിലയില്‍ മാറ്റവുമില്ല!

ജനപ്രിയ മോഡലായ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പുതിയ ഏഴ് ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സംവിധാനം അവതരിപ്പിച്ച് മാരുതി സുസുക്കി.

Maruti Swift Updated With Smart Play Studio Infotainment System
Author
Mumbai, First Published Apr 18, 2020, 2:59 PM IST

ജനപ്രിയ മോഡലായ സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പുതിയ ഏഴ് ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സംവിധാനം അവതരിപ്പിച്ച് മാരുതി സുസുക്കി. പുതുതായി ‘സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് നല്‍കിയത്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം മാറ്റിയപ്പോഴും വാഹനത്തിന്‍റെ വില കമ്പനി കൂട്ടിയില്ലെന്നതും ശ്രദ്ധേയമാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത്, ഓക്‌സ് ഇന്‍, യുഎസ്ബി കണക്റ്റിവിറ്റി ലഭിക്കുന്ന 7 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ. കൂടാതെ കണക്റ്റഡ് സ്മാര്‍ട്ട്‌ഫോണ്‍ വഴി നാവിഗേഷന്‍ സപ്പോര്‍ട്ട് ലഭിക്കും. നിലവിലെ സിസ്റ്റത്തില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷനും പ്രീ ലോഡഡ് മാപ്പുകളുമാണ് ഉണ്ടായിരുന്നത്.

ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിച്ചു എന്നതൊഴിച്ചാല്‍ ഫീച്ചറുകള്‍, സ്‌പെസിഫിക്കേഷനുകള്‍ എന്നിവ സംബന്ധിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുക്കി സ്വിഫ്റ്റിന്‍റെ ഹൃദയം. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്സ്പോയിലാണ് നിലവിലെ സ്വിഫ്റ്റിന്‍റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്‍തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്‍തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ റിയര്‍ പാര്‍ക്കിങ് സെന്‍സറും സുരക്ഷയൊരുക്കും.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഗ്രാന്‍ഡ് ഐ10 നിയോസ് തുടങ്ങിയ കരുത്തന്മാരാണ് സ്വിഫ്റ്റിന്‍റെ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios