ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ പെട്രോള്‍ മോഡല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എത്തുമെന്ന് വ്യക്തമാക്കി മാരുതി മേധാവി. ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എത്തുമെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്‍തവയാണ് വ്യക്തമാക്കിയത്.

ഇത്രകാലവും ഡീസല്‍ എന്‍ജിനില്‍ മാത്രം എത്തിയിരുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പ് നിര്‍മാണം ആരംഭിച്ചെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം. എന്നാല്‍ വാഹനം പുറത്തിറക്കുന്ന കൃത്യമായ തീയതി വെളിപ്പെടുത്താന്‍ ശ്രീവാസ്‍തവ തയാറായില്ല. 

ബിഎസ്-6 നിലവാരവും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എഞ്ചിന്‍ 103.5 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍. 

വാഹനത്തിന്‍റെ ഡിസൈനിലും ആകര്‍ഷകമായ മാറ്റങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ടെയ്ല്‍ലാമ്പ്, പുത്തന്‍ അലോയി തുടങ്ങിയ മാറ്റങ്ങള്‍ എക്‌സ്റ്റീരിയറില്‍ ഒരുങ്ങും. 

ആന്‍ഡ്രോയിഡ് ഓട്ടോ- ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള സ്റ്റുഡിയോ സ്‍മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഇന്റീരിയറിലും ഇടംപിടിക്കും. 

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ.  

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി. പ്രതിസന്ധിക്കാലത്തും മാരുതിയെ തുണച്ചത് ബ്രസയുടെ കച്ചവടമാണ്.  പെട്രോള്‍ കരുത്തില്‍ക്കൂടി ബ്രെസ എത്തുന്നതോടെ വിപണിയില്‍ പൊടിപാറുമെന്ന് ഉറപ്പ്.