ജനപ്രിയ മോഡല്‍ സ്വിഫ്റ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നല്‍കാനൊരുങ്ങി മാരുതി സുസുക്കി. മുഖംമിനുക്കലിനൊപ്പം ഒരു പുത്തന്‍ എഞ്ചിന്‍ കൂടി വാഹനത്തില്‍ ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് യൂണിറ്റിനെയാവും കമ്പനി പരിചയപ്പെടുത്തുക. വലിയ ഡിസൈന്‍ മാറ്റങ്ങളൊന്നും സ്വിഫ്റ്റില്‍ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും റേഡിയേറ്റര്‍ ഗ്രില്ലിനായി പുതിയ ഹണികോമ്പ് മെഷ് രൂപകല്‍പ്പനയോടൊപ്പം അല്‍പ്പം വളഞ്ഞ മുന്‍വശവും ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഒരു ക്രോം സ്ട്രിപ്പും മാറ്റങ്ങളില്‍ ഉള്‍പ്പെടാം.

പുതിയ സെറ്റ് അലോയ് വീലുകളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകും. അതോടൊപ്പം പിന്‍വശത്തും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇതുകൂടാതെയുള്ള മറ്റ് പരിഷ്‌ക്കരണങ്ങളൊന്നും സ്വിഫ്റ്റില്‍ അവതരിപ്പിച്ചേക്കില്ല. സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിന്‍ നിലവിലെ മോഡലിന്റെ അതേ ലേഔട്ട് നിലനിര്‍ത്തും. എന്നിരുന്നാലും ഏറ്റവും വലിയ മാറ്റം പുതിയ എഞ്ചിന്റേതായിരിക്കും. സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ മാരുതിയുടെ 1.2 ലിറ്റര്‍ കെ12എന്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് 2020 സ്വിഫ്റ്റ് നിരത്തിലെത്തും. നിലവിലെ 83 ബിഎച്ച്പി കരുത്തിനെ അപേക്ഷിച്ച് പുതിയ എഞ്ചിന്‍ പരമാവധി 90 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും. എന്നാല്‍ 113 എന്‍എം ടോര്‍ഖ് ഔട്ട്പുട്ട് മാറ്റമില്ലാതെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും അഞ്ച് സ്പീഡ് എഎംടിയും ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

വര്‍ധിച്ച പവര്‍ ഉത്പാദനത്തിന് പുറമെ പുത്തന്‍ സ്വിഫ്റ്റിന്റെ ഇന്ധനക്ഷമതയിലും ഉയര്‍ച്ചയുണ്ടാകും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, സ്റ്റിയറിംഗ്മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തില്‍ തുടരും. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ടാകും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് പുത്തന്‍ സ്വിഫ്റ്റില്‍ ഇടംപിടിച്ചേക്കാം. 

സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അടുത്തിടെയാണ് സ്വിഫ്റ്റില്‍ കമ്പനി നല്‍കിയത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബ്ലൂടൂത്ത്, ഓക്‌സ് ഇന്‍, യുഎസ്ബി കണക്റ്റിവിറ്റി ലഭിക്കുന്ന 7 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ. കൂടാതെ കണക്റ്റഡ് സ്മാര്‍ട്ട്‌ഫോണ്‍ വഴി നാവിഗേഷന്‍ സപ്പോര്‍ട്ട് ലഭിക്കും. നിലവിലെ സിസ്റ്റത്തില്‍ ഇന്‍ ബില്‍റ്റ് നാവിഗേഷനും പ്രീ ലോഡഡ് മാപ്പുകളുമാണ് ഉണ്ടായിരുന്നത്.

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി അ!ഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. സുരക്ഷയ്ക്കായി എബിഎസ് എയര്‍ബാഗുകള്‍ അടിസ്ഥാന വകഭേദം മുതല്‍ നല്‍കിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുന്‍ഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച്ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു.

പെട്രോള്‍ ഡീസല്‍ പതിപ്പുകളില്‍ 12 മോ!ഡലുകളുമായാണ് നിലവിലെ സ്വിഫ്റ്റ് എത്തുന്നത്.  40എംഎം വീതിയും 20 എംഎം വീല്‍ബെയ്‌സും 24 എംഎം ഹെ!ഡ്‌റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 75 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമുള്ള 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഗ്രാന്‍ഡ് ഐ10 നിയോസ് തുടങ്ങിയ കരുത്തന്മാരാണ് സ്വിഫ്റ്റിന്റെ എതിരാളികള്‍.