ടിയാഗോ, ടിഗോർ, നെക്‌സോൺ, സഫാരി, ഹാരിയർ എന്നിവയിൽ എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്

2022 ജൂൺ മാസത്തിൽ തങ്ങളുടെ കാറുകൾക്കും എസ്‌യുവികൾക്കും ഗണ്യമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്‍ദാനം ചെയ്‍ത് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ, ടിഗോർ, നെക്‌സോൺ, സഫാരി, ഹാരിയർ എന്നിവയിൽ എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അള്‍ട്രോസ്, പഞ്ച്, നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് കിഴിവുകളൊന്നുമില്ല. ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി-പവർ പതിപ്പുകൾക്കും ആനുകൂല്യങ്ങളൊന്നും ഓഫർ ചെയ്‍തിട്ടില്ല. ലഭ്യമായ ഓഫറുകളെപ്പറ്റി വിശദമായി അറിയാം

ടാറ്റ ഹാരിയർ - 60,000 രൂപ വരെ ആനുകൂല്യങ്ങൾ

ലുക്ക്, സ്പേസ്, പെർഫോമൻസ്, ഡൈനാമിക്സ് എന്നിവയിൽ വലിയ സ്കോറുകൾ നേടി മോഡലാണ് ഹാരിയർ. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 170hp, 2.0-ലിറ്റർ ഡീസൽ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. 40,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉൾപ്പെടെ ഹാരിയറിന്റെ എല്ലാ വകഭേദങ്ങൾക്കും 60,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. കോർപ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. എംജി ഹെക്ടർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയാണ് പ്രധാന എതിരാളികൾ.

ടാറ്റ സഫാരി - 40,000 രൂപ വരെ ആനുകൂല്യങ്ങൾ

മൂന്ന് നിരകളുള്ള സഫാരി എസ്‌യുവി, ഹാരിയറിന്റെ അതേ 170 എച്ച്‌പി, 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വരുന്നത്. ടാറ്റ മോട്ടോഴ്‌സ് അതിന്റെ ഈ മുൻനിര എസ്‌യുവിയിൽ 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. അതേസമയം ഹാരിയറിൽ നിന്ന് വ്യത്യസ്തമായി, ഈ മാസം സഫാരിയിൽ കോർപ്പറേറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

ടാറ്റ ടിയാഗോ - 31,500 രൂപ വരെ ആനുകൂല്യങ്ങൾ

എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടാറ്റാ ടിയാഗോ മാരുതി സുസുക്കി വാഗൺ ആറിനെ നേരിടുന്ന മോഡലാണ്. 86 എച്ച്‌പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി എത്തുന്ന ടിയാഗോ സുരക്ഷ, സുഖം, പ്രായോഗികത, ഉപയോഗക്ഷമത എന്നിവയിൽ വലിയ പിന്തുണ നൽകുന്നു. ഹാച്ച്ബാക്കിന്റെ XE, XM, XT വേരിയന്റുകൾക്ക് 21,500 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, XZ-ഉം അതിനുമുകളിലുള്ള വേരിയന്റുകൾക്ക് 31,500 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ടിയാഗോയുടെ CNG-പവർ പതിപ്പിന് കിഴിവുകളൊന്നുമില്ല .

ടാറ്റ ടിഗോർ - 31,500 രൂപ വരെ ആനുകൂല്യങ്ങൾ

ടിഗോറിന് വേറിട്ട രൂപം, നന്നായി സജ്ജീകരിച്ച ക്യാബിൻ, പണത്തിന് ഉയർന്ന മൂല്യം എന്നിവയുണ്ട്. മാരുതി സുസുക്കി ഡിസയർ , ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ തുടങ്ങിയ വിപണിയിലുള്ള മറ്റ് സബ്-4 എം സെഡാനുകളെ ഇത് നേരിടുന്നു. ടിഗോറിന് 31,500 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. താഴ്ന്ന XE, XM വേരിയന്റുകൾക്ക് 21,500 രൂപ വരെ കിഴിവോടെ ലഭിക്കും, XZ-ഉം അതിനുമുകളിലുള്ള വേരിയന്റുകൾക്ക് 10,000 രൂപ വരെ അധിക കിഴിവുകളും ലഭിക്കും. ടിയാഗോയെപ്പോലെ, ടിഗോറിന്റെ സിഎൻജി വേരിയന്റിന് കിഴിവുകളൊന്നും ലഭിക്കുന്നില്ല.

ടാറ്റ നെക്സോൺ - 10,000 രൂപ വരെ ആനുകൂല്യങ്ങൾ

ടാറ്റയുടെ ഏറ്റവും ജനപ്രിയമായ ഉൽപ്പന്നമായ നെക്‌സോൺ. അതിന്റെ സ്‌മാർട്ട് ഡിസൈൻ, സുഖകരമായ യാത്ര, മികച്ച സുരക്ഷ, സുഖപ്രദമായ ക്യാബിൻ എന്നിവയാൽ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. മഹീന്ദ്ര XUV300 , കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു , ടൊയോട്ട അർബൻ ക്രൂയിസർ , മാരുതി സുസുക്കി വിറ്റാര ബ്രെസ്സ തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് മോഡലുകളാണ് ഈ കോംപാക്റ്റ് എസ്‌യുവിയുടെ എതിരാളികള്‍. 120 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ, 110 എച്ച്പി, 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നെക്സോണിന് കരുത്തേകുന്നത്. നെക്‌സോണിന്റെ പെട്രോൾ വേരിയന്റുകൾ 6,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്, അതേസമയം, ഡീസൽ വേരിയന്റുകൾ 10,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. നെക്‌സോണിന്റെ ഇലകട്രിക്ക് പതിപ്പുകൾക്ക് കിഴിവുകളൊന്നുമില്ല.