മുംബൈ: നിയമം തെറ്റിച്ചത് ഏത് മേയര്‍ ആണെങ്കിലും പിഴ ചുമത്തിയിരിക്കുമെന്ന് ഇനി സധൈര്യം പറയാം മുംബൈ ട്രാഫിക് പൊലീസിന്. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്‍റെ ഔദ്യോഗിക വാഹനം നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ബിഎംസിയുടെ പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ ആയിരുന്നു വാഹനം ഉണ്ടായിരുന്നത്. 

മുംബൈയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് നിയമം തെറ്റിച്ച് മേയര്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്തത്. വൈല്‍ പാര്‍ലെയിലെ കൊല്‍ഡൊംഗരി ഭാഗം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ശിവസേനാ നേതാവുകൂടിയായ മേയര്‍ വിശ്വനാഥ് മഹദേശ്വര്‍. ഈ പ്രദേശം പാര്‍ക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ചതാണ്. പിഴത്തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. ട്രാഫിക് നിയം ലംഘിച്ചുവെന്നാണ് രശീതിയില്‍ വ്യക്തമാക്കുന്നത്. 

നഗരത്തിലെ നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നവരില്‍ നിന്നും ഭീമന്‍ തുക പിഴ ഇനത്തില്‍ ഈടാക്കാനുള്ള മുംബൈ നഗരസഭയുടെ തീരുമാനം ജൂലൈ ഏഴ് മുതല്‍ നിലവില്‍ വന്നിരുന്നു. . 5,000 രൂപ മുതല്‍ 23,000 രൂപ വരെ പിഴ ഈടാക്കനാണ് തീരുമാനം. നിര്‍ത്തിയിട്ട വാഹനത്തിന്‍റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യപ്രാധാന്യവും കണക്കിലെടുത്താവും പിഴ സംഖ്യ തീരുമാനിക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ തുക വീണ്ടും ഉയരും. 

വലിയ വാഹനങ്ങളാണെങ്കില്‍ അത് 15,000 രൂപ മുതല്‍ 23,000 രൂപ വരെയായി ഉയരും. നഗരത്തിലെ 26 അംഗീകൃത പാര്‍ക്കിങ് സ്ഥലങ്ങളുടെയും 20 ബെസ്റ്റ് ഡിപ്പോകളുടെയും 500 മീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ വര്‍ധിച്ച പിഴ ഏര്‍പ്പെടുത്തുക. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നവരില്‍നിന്ന് പിഴയും അത് കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള കൂലിയും ഈടാക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇത് 5,000 രൂപ മുതല്‍ 8,300 രൂപ വരെ വരും. 

ഇത്രയും വലിയ തുക ഈടാക്കുന്നത് എതിര്‍പ്പിന് കാരണമാകുമെന്നതിനാല്‍ ട്രാഫിക് പൊലീസിനെ സഹായിക്കാന്‍ വിരമിച്ച സൈനികരെയും സ്വകാര്യ സുരക്ഷാ ഭടന്‍മാരെയും നിയോഗിക്കാനുമാണ് തീരുമാനം. അനധികൃത പാര്‍ക്കിങ് പാടില്ലെന്ന് കാണിച്ചും പുതിയ പിഴ നിരക്കുകള്‍ കാണിച്ചും നഗരസഭ വിവിധയിടങ്ങളില്‍ നോട്ടീസുകള്‍ പതിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നായ മുംബൈയിലെ  കാല്‍നട യാത്രക്കാരുടെയും വാഹന ഡ്രൈവര്‍മാരുടെയും സൗകര്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നടപടിയെടുക്കുന്നതെന്നാണ്  നഗരസഭാധികൃതര്‍ പറയുന്നത്. മുംബൈ നഗരത്തിലാകെ 30 ലക്ഷ‌ത്തിലധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്.