എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള സൂത്രം നോക്കി നടക്കുന്നവർ പലരുമുണ്ട്. അവരിൽ ഒരാളായിരുന്നു സത്യേന്ദർ സിംഗ് ശെഖാവത്ത് എന്ന രാജസ്ഥാൻ സ്വദേശി. ഇന്ത്യയിലെ കാർമോഷണങ്ങളുടെ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്നത്ര അപൂർവമായ ഒരു 'മോഷണശൈലി' തന്നെ കാത്തുസൂക്ഷിച്ചിരുന്ന ഒരാളാണ് സത്യേന്ദർ. സാങ്കേതിക വിദ്യയുടെ പുരോഗമനത്തിനൊപ്പം സഞ്ചരിച്ച ഒരാളാണ് ഈ എംബിഎ ബിരുദധാരി. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ അകപ്പെട്ടതോടെയാണ് ലക്ഷ്വറി വാഹനങ്ങളിലേറിയുള്ള ഈ വണ്ടിക്കള്ളന്റെ സ്വപ്നസഞ്ചാരത്തിന് സഡൻബ്രേക്ക് വീണത്. 

 

ഇയാളുടെ വാസസ്ഥലത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത് കാർമോഷണത്തിനുള്ള രണ്ടര ലക്ഷത്തിൽപരം രൂപയുടെ അത്യാധുനികമായ ഉപകരണങ്ങളായിരുന്നു. അവയിൽ പലതും അയാൾ ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തവയും ആയിരുന്നു. അഹമ്മദാബാദിലെ പ്രഹ്ലാദ് നഗർ ഗാർഡൻ പ്രദേശത്തു നിന്നാണ് ഒരു രഹസ്യവിവരത്തെ തുടർന്ന് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുന്നത്. അവിടെ നിന്ന് സംഘം, ഇയാൾ ഗാസിയാബാദിൽ നിന്ന് മോഷ്ടിച്ച ഒരു കാറും കണ്ടെടുത്തു. 

കറസ്പോണ്ടൻസ് വഴി മാർക്കറ്റിങ്ങിൽ എംബിഎ ബിരുദം നേടിയിട്ടുള്ള സത്യേന്ദർ ആഡംബര കാറുകളിൽ ഭ്രമമുള്ള ആളായിരുന്നു. ഓഡി, ബെൻസ്, ഫോർച്യൂണർ, സെൽറ്റോസ് തുടങ്ങിയ വിലയേറിയ കാറുകൾ മാത്രമേ ഇയാൾ മോഷ്ടിച്ചിരുന്നുള്ളൂ. അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഇതുവരെ അമ്പത് കറുകളെങ്കിൽ മോഷ്ടിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഗാസിയാബാദ്, അഹമ്മദാബാദ്, ഗാന്ധിനഗർ, ജാംനഗർ, വഡോദര, ബിക്കാനീർ, ബാംഗ്ലൂർ, ചെന്നൈ, ഡിയു തുടങ്ങി പല സ്ഥലങ്ങളിൽ നിന്നായിട്ടാണ് ഇയാൾ വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. 

മോഷണത്തിന് പിന്നിൽ അതിവിദഗ്ദ്ധമായി പ്ലാനിങ് 

ഒരു ആഡംബര കാറും ഓടിച്ചുകൊണ്ട് അത് സർവീസ് ചെയ്യിക്കാൻ എന്ന ഭാവേനയാണ് സത്യേന്ദർ ഹൈ എൻഡ് കാറുകൾ സർവീസ് ചെയ്യുന്ന വർക്ക്ഷോപ്പുകളിൽ പോകുക. അവിടെ ചെല്ലുന്നതും ലഞ്ച് ബ്രേക്കിനോട് അടുപ്പിച്ചാവും. വണ്ടി സർവീസ് ചെയ്തു കഴിയും വരെ അവിടെ കാത്തിരിക്കാം എന്ന് അവരോട് പറയും. അതിനിടെ അവിടെ ചുറ്റിത്തിരിയും. അങ്ങനെ കറങ്ങി നടക്കുന്നതിനിടെ അവിടെ കിടക്കുന്ന ലക്ഷ്വറി കാറുകളിൽ കണ്ണുവെക്കും. എന്നിട്ട്, അവയുടെ താക്കോൽ എടുത്ത്, കയ്യിൽ കരുതിയിരിക്കുന്ന, 'ഹാൻഡി ബേബി' എന്ന പേരുള്ള ഇമ്പോർട്ടഡ് കീ സ്കാനർ ഉപയോഗിച്ച് ആ താക്കോലിന്റെ ഡിജിറ്റൽ കോഡ് പകർപ്പ് ശേഖരിക്കും. ഒപ്പം ആ കാറിന്റെ അടിവശത്തായി, ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു ജിപിഎസ് ട്രാക്കറും ഘടിപ്പിക്കും. അതിനു ശേഷം സ്വന്തം വണ്ടിയും സർവീസ് ചെയ്യിച്ച് അവിടം വിടും സത്യേന്ദർ.

 

 

വീട്ടിൽ ചെന്നാലുടൻ, നേരത്തെ ശേഖരിച്ച ഡിജിറ്റൽ കീ കോഡ് പകർപ്പ് വെച്ച് പുതിയൊരു ഇലക്ട്രോണിക് കീ നിർമ്മിച്ചെടുക്കും. അതിനായി ഒരു കീ മേക്കിങ് മെഷീൻ വീട്ടിൽ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു സത്യേന്ദർ. കീ റെഡിയായാൽ പിന്നെ, നേരത്തെ കാറിനുമേൽ സ്ഥാപിച്ച ജിപിഎസ് ട്രാക്കർ ട്രാക്ക് ചെയ്ത് അതിനെ പിന്തുടർന്ന് ചെല്ലും. ഉടമസ്ഥൻ എവിടെയെങ്കിലും പാർക്ക് ചെയ്ത് സ്ഥലം വിട്ടു എന്ന് കണ്ടാലുടൻ തന്റെ കയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് കീ വെച്ച് വാഹനം തുറക്കും. അതുമായി സ്ഥലം വിടും. 

കൃത്യം നടത്തിയത് ഏതോ ലോക്കൽ കള്ളനാണ് എന്ന് തോന്നിക്കാൻ വേണ്ടി കയ്യിൽ നേരത്തെ കരുതിയിരുന്ന ജനൽച്ചില്ലിന്റെ കഷ്ണങ്ങൾ അവിടെ വിതറും. അത് കാണുന്ന ഏതൊരു പൊലീസുകാരനും ആദ്യം കരുതുക, സൈഡ് ഗ്ലാസ് അടിച്ചുടച്ചാണ് മോഷണം നടത്തിയത് എന്നാണ്. സിസിടിവി കാമെറകളിൽ മുഖം പതിയാതിരിക്കാൻ മാസ്ക് ധരിച്ചാണ് ഇയാൾ വണ്ടി എടുക്കാൻ ചെല്ലുക. 

ഇങ്ങനെയും വാഹനം മോഷ്ടിക്കാം എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ കണ്ടതിനു ശേഷമാണ് ഇയാൾ അതിനുവേണ്ട സാമഗ്രികൾ ചൈനയിൽ നിന്ന് ഓൺലൈൻ ആയി ഓർഡർ ചെയ്ത് വരുത്തിയത്. ഇതൊക്കെ എങ്ങനെ ചെയ്യണം എന്നത് സംബന്ധിച്ച പരിശീലനപാഠങ്ങളും യുട്യൂബിൽ നിന്നുതന്നെ അയാൾക്ക് കിട്ടി. ഇങ്ങനെ ശെഖാവത് ജിപിഎസ് ഘടിപ്പിച്ച് ഏത് നിമിഷവും മോഷ്ടിക്കാൻ തയ്യാറാക്കി നിർത്തിയിരുന്ന അഞ്ചു ലക്ഷ്വറി കാറുകൾ രാജ്യത്ത് ഇപ്പോഴും ഓടുന്നുണ്ട് എന്നും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എസിപി ബിവി ഗോഹിൽ പറഞ്ഞു. രണ്ടെണ്ണം ആഗ്രയിലും, ഒരെണ്ണം ബിക്കാർ, ഒരെണ്ണം ജയ്പൂർ, ഒരെണ്ണം  ഗാസിയാബാദ് എന്നിവിടങ്ങളിലും ആണുള്ളത്. ഈ കാറുകളുടെ ഉടമകൾക്ക് തങ്ങളുടെ കാറുകൾ ഏത് നിമിഷവും മോഷ്ടിക്കേപ്പെടാൻ പരുവത്തിന് സത്യേന്ദറിന്റെ റഡാറിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന വിവരം ഒരുപക്ഷെ ഇനിയും ലഭിച്ചുകാണാൻ വഴിയില്ല. 

ഇതിനു മുമ്പ് ബാംഗ്ലൂർ, അഹമ്മദാബാദ്, ബിക്കാനീർ എന്നിവിടങ്ങളിലെ പൊലീസ് മോഷ്ടിച്ച കാറുകളോടെ സത്യേന്ദറിനെ കയ്യോടെ പിടികൂടിയിട്ടുണ്ട്. അതിന്റെയൊക്കെ വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങി ഇയാൾ വീണ്ടും അടുത്ത കാർ മോഷണവുമായി രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് പൊന്തുകയാണ് പതിവ്. ഇത്തവണയെങ്കിലും ഈ ഹൈടെക്ക് കള്ളനെ പുറത്തിറങ്ങാൻ സാധിക്കാത്ത വണ്ണം പൂട്ടാൻ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.