ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡ് മക്‌ലാറന്റെ സൂപ്പര്‍ കാര്‍ ഓഎല്‍എക്സ് വഴി വില്‍പ്പനയ്ക്ക്. 2018-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഒരു മക്‌ലാറന്‍ 570S സെക്കന്റ് ഹാൻഡ് സാധനങ്ങൾ വില്കുന്നതിനുള്ള വെബ്‌സൈറ്റായ OLX ൽ വിൽപനയ്ക്ക് എത്തിയത്. 

സെക്കന്റ് ഹാൻഡ് മോഡൽ ആണെങ്കിലും 5.25 കോടി രൂപയാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‍തിരിക്കുന്ന ഈ മോഡലിന് OLX ൽ നൽകിയിരിക്കുന്ന വില.  ഈ സ്പോർട്സ് കാർ വെറും 20 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളുവെന്നും എല്ലാ രേഖകളുമുള്ള ഔദ്യോഗിക ഇറക്കുമതിയാണ് ഈ മക്‌ലാറന്‍ 570S എന്നുമാണ് സൂചന. 

സിൽവർ നിറത്തിലുള്ള മക്‌ലാറന്‍ 570S-യുടെ സ്പൈഡർ വേർഷൻ ദില്ലിയിലാണ് വില്പനക്കെത്തിയതായി ഒഎല്‍എക്സ് പറയുന്നത്. വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് മക്‌ലാരന്‍റെ വാറന്റി കാലാവധി കഴിയാത്ത മോഡൽ ആണിതെന്നും അടുത്തിടെയാണ് ഇൻഷുറൻസ് പുതുക്കിയത് എന്നും അവകാശപ്പെടുന്നു.

3.8 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 എഞ്ചിനാണ് മക്‌ലാറന്‍ 570S-ന്റെ ഹൃദയം. 562 ബിഎച്ച്പി കരുത്തും 601 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. സെവന്‍ സ്പീഡ് ഓട്ടോമാറ്റിക് ആണ് ട്രാൻസ്മിഷൻ. മണിക്കൂറിൽ 328 കിലോമീറ്റർ ആണ് മക്‌ലാറന്‍ 570S-ന്റെ പരമാവധി വേഗത. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 3.2 സെക്കൻഡും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലെത്താൻ 9.6 സെക്കൻഡും മാത്രം മതി മക്‌ലാറന്‍ 570S-ന്. 

നിലവില്‍ ഇറക്കമതിയിലൂടെ മാത്രമാണ് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനി പ്രവേശിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മക്‌ലാറന്‍ സിഇഒ മൈക്ക് ഫ്‌ളെവിറ്റ് ഡെട്രോയിറ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ചൈനക്ക് പുറത്തെ ഏഷ്യന്‍ വിപണികളില്‍ ആവശ്യകത ശക്തമാണെന്നും ഏഷ്യയില്‍ കൂടുതല്‍ കാറുകള്‍ എത്തിക്കേണ്ടതുണ്ടെന്നും തങ്ങളുടെ അടുത്ത വലിയ വിപണികള്‍ ഇന്ത്യയും റഷ്യയുമാണെന്നും ഈ രണ്ട് വിപണികളിലും കമ്പനി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മൈക്ക് ഫ്‌ളെവിറ്റ് വ്യക്തമാക്കിയിരുന്നു.