Asianet News Malayalam

അങ്ങനെ ആ ബ്രിട്ടീഷ് സൂപ്പര്‍കാര്‍ കമ്പനിയും ഇന്ത്യന്‍ മണ്ണില്‍!

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു

McLaren arrives in India with three supercars
Author
Mumbai, First Published Jun 13, 2021, 8:27 AM IST
  • Facebook
  • Twitter
  • Whatsapp

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു.  ഇന്ത്യൻ സൂപ്പർകാർ വില്‍പ്പന രംഗത്തെ പ്രമുഖരായ ഇൻഫിനിറ്റി ഗ്രൂപ്പുമായി ചേർന്നാണ് മക്‌ലാറൻ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ മക്‌ലാറന്‍ കാറുകളുടെ വില്‍പ്പനയും സര്‍വീസും കൈകാര്യം ചെയ്യുന്നത് ഇന്‍ഫിനിറ്റി ഗ്രൂപ്പ് ആയിരിക്കും. മുംബൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ മക്‌ലാറൻ ഡീലർഷിപ്പ് സ്ഥാപിതമാകുന്നത്. നിലവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, പോര്‍ഷ, ബിഎംഡബ്ല്യു, മിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലറാണ് ഇന്‍ഫിനിറ്റി കാര്‍സ്. 

മക്‌ലാറൻ ജിടി, മക്‌ലാറൻ 720 എസ്സിന്റെ കൂപെ, സ്പൈഡർ പതിപ്പുകൾ എന്നിങ്ങനെ 3 സൂപ്പർ കാറുകളുമായാണ് മക്‌ലാറൻ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മക്‌ലാറന്‍റെ ഹൈബ്രിഡ് സൂപ്പർകാർ ആയ അർതുറയും ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തത്കാലമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മക്‌ലാറന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍ മക്‌ലാറന്‍ ജിടി ആയിരിക്കും. 3.72 കോടി രൂപയാണ് ഈ മോഡലിന്‍റെ എക്‌സ് ഷോറൂം വില. ഓപ്ഷനുകള്‍ കൂടാതെ മക്‌ലാറന്‍ 720എസ് കൂപ്പെ മോഡലിന് 4.65 കോടി രൂപയും മക്‌ലാറന്‍ 720എസ് സ്‌പൈഡറിന് 5.04 കോടി രൂപയും എക്‌സ് ഷോറൂം വിലയായി നിശ്ചയിച്ചു. 

ഇന്ത്യയില്‍ മക്‌ലാറന്റെ എന്‍ട്രി ലെവല്‍ മോഡലായിരിക്കും മക്‌ലാറന്‍ ജിടി. പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ കാമറ, വെഹിക്കിള്‍ ലിഫ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ആഡ് ഓണ്‍ പാക്ക് ലഭ്യമായിരിക്കും. ഈ പാക്കേജിന് 29.77 ലക്ഷം രൂപയാണ് വില. മക്‌ലാറന്‍ നിരയിലെ ഏറ്റവും കംഫര്‍ട്ടബിള്‍ മോഡലാണ് ജിടി. മറ്റ് സൂപ്പര്‍കാറുകള്‍ പൊതുനിരത്തുകളേക്കാള്‍ ട്രാക്കുകള്‍ ഇഷ്ടപ്പെടുന്നവയാണ്. മധ്യത്തിലായി സ്ഥാപിച്ച 4.0 ലിറ്റര്‍ എന്‍ജിനാണ് മക്‌ലാറന്‍ ജിടി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 620 എച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 326 കിലോമീറ്ററാണ് ടോപ് സ്പീഡ്. പോര്‍ഷ 911 ടര്‍ബോ എസ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി, ഫെറാറി റോമ എന്നിവയാണ് എതിരാളികള്‍.

ആഗോളതലത്തില്‍ ഏറ്റവും ജനപ്രീതി നേടിയ മക്‌ലാറന്‍ കാറുകളിലൊന്നാണ് 720എസ്. മക്‌ലാറന്‍ ജിടി പോലെ, ഫ്രണ്ട് സസ്‌പെന്‍ഷന്‍ ലിഫ്റ്റ്, 12 സ്പീക്കറുകളോടെ ‘ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ്’ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജ് ലഭ്യമാണ്. ഈ പാക്കേജിന് 43.31 ലക്ഷം രൂപയാണ് വില. 4.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് 720എസ് കൂപ്പെ, 720എസ് സ്‌പൈഡര്‍ വകഭേദങ്ങള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 720 എച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ രണ്ട് കാറുകള്‍ക്കും 2.9 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 341 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. സ്‌പൈഡര്‍ വകഭേദത്തിന്റെ കണ്‍വെര്‍ട്ടിബിള്‍ റൂഫ് ഉയര്‍ത്തുന്നതിനും ഉള്ളിലേക്ക് മടക്കുന്നതിനും 11 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ റൂഫ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 

മക്‌ലാറന്‍ 720എസ് മോഡലിന്റെ ഇന്ത്യയിലെ എതിരാളികള്‍ ലംബോര്‍ഗിനി ഹുറാകാന്‍, ഫെറാറി എഫ്8 ട്രിബ്യൂട്ടോ എന്നിവയാണ്. മക്‌ലാറന്‍ ജിടി, 720എസ് കൂപ്പെ, 720എസ് സ്‌പൈഡര്‍ മോഡലുകള്‍ പോലെ മക്‌ലാറന്‍ ആര്‍ച്ചുറയും ഇന്ത്യയില്‍ ഔദ്യോഗികമായി കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയും. ഈ മോഡലിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios