ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് പുതിയ AMG GLC 43 കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന് 76.70 ലക്ഷം രൂപയാണ് രാജ്യത്തെ ഏക്സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മെർസിഡീസ് പെർഫോമൻസ് കാറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനയോ AMG GLC 43 കൂപ്പെ ഉപഭോക്താക്കൾക്ക് പ്രീ-ബുക്ക് ചെയ്യാം. പുതിയ മെർസിഡീസ് കൂപ്പെയ്ക്ക് കരുത്തേകുന്നത് 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ്. ഇത് 390 bhp പവറിൽ 520 Nm ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ചേർത്തുവെച്ചിരിക്കുന്നത്.

12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എം‌ബി‌യു‌എക്സ് സാങ്കേതികവിദ്യയുള്ള 10.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള AMG സ്റ്റിയറിംഗ് വീൽ, ബ്രഷ്ഡ് അലുമിനിയം പാഡിൽ-ഷിഫ്റ്ററുകൾ, പിയാനോ-ബ്ലാക്ക് ഫിനിഷ് സെന്റർ കൺസോൾ, ഒന്നിലധികം ക്ലെമറ്റ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന ഡ്രൈവർ, മെമ്മറി പ്രവർത്തനമുള്ള പാസഞ്ചർ സീറ്റുകൾ എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു.

AMG GLC 43 കൂപ്പെ മോഡൽ ഒരു കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  തുടർന്ന് പൂനെയിലെ ചകാനിലുള്ള മെർസിഡീസ് പ്ലാന്റിൽ വാഹനത്തെ കൂട്ടിച്ചേർക്കുകയുമാണ് ചെയ്തത്.