ഡ്രൈവറില്ലാത്ത എസ് –ക്ലാസ് പരീക്ഷണങ്ങള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പ്രീമിയം നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷും തമ്മില്‍ കൈകോര്‍ക്കുന്നു.

ഇരു കമ്പനികളും ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങള്‍ ഇതിനോടകം തന്നെ ടെസ്റ്റ് ഡ്രൈവിനായി പുറത്തിറക്കി കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലിഫോര്‍ണിയ, സ്റ്റീവന്‍സ് ക്രീക്ക് ബൊളിവാര്‍ഡി, സാന്‍ ജോസ് എന്നിവിടങ്ങളിലാണ് ഈ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടക്കുന്നത്.

ബോഷിന്റെ എതിരാളികളായ കോണ്ടിനെന്റല്‍, ഡെല്‍ഫി, ഇസഡ്എഫ് എന്നിവ ഡ്രൈവറില്ലാ കാറുകളുടെ ബിസിനസ്സില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കിടമത്സരം ശക്തമായ മേഖലയിലേക്കാണ് ഇപ്പോള്‍ ബോഷ് പ്രവേശിക്കുന്നത്.

ബോഷുമായി കൂട്ടുചേരുന്നതോടെ മെഴ്‌സിഡസ് ഡിവിഷനും ഡ്രൈവറില്ലാ കാറുകള്‍ക്കായി കൂടുതല്‍ എന്‍ജിനീയറിംഗ് വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

നിലവില്‍ പരീക്ഷണയോട്ടം നടത്തുന്ന കാറുകള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കാന്‍ കമ്പനികള്‍ പദ്ധതിയിടുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക അപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ റൈഡുകള്‍ ബുക്ക് ചെയ്യാം.