ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് ഇന്ത്യയില്‍  ഉപയോഗിച്ചിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കി. പകരം 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇനി കരുത്തേകുന്നത്. ഡീസല്‍ പവര്‍ട്രെയ്‌നിന്റെ കാര്യത്തില്‍ മാറ്റമില്ല.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെയാണ് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നേരത്തെ നല്‍കിയിരുന്നത്. 181 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചിരുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരുന്നത്. ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

ഡീസല്‍ വകഭേദത്തിലും മെഴ്‌സേഡസ് ബെന്‍സ് സി ക്ലാസ് ലഭിക്കും. 2.0 ലിറ്റര്‍ എന്‍ജിനാണ്  കരുത്തേകുന്നത്. ഈ മോട്ടോര്‍ രണ്ട് വ്യത്യസ്ത ട്യൂണുകളില്‍ ലഭിക്കും. സി220ഡി വേരിയന്റില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സി300ഡി എഎംജി ലൈന്‍ വേരിയന്റില്‍ പുറപ്പെടുവിക്കുന്നത് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.