Asianet News MalayalamAsianet News Malayalam

Mercedes Benz : ഡീലര്‍മാരെ ഒഴിവാക്കിയുള്ള വണ്ടിക്കച്ചവടം പൊടിപൊടിക്കുന്നു, കയ്യടിച്ച് ഉടമകള്‍!

ഉപഭോക്താക്കൾക്ക് നേരിട്ട് കാറുകൾ വിൽക്കുന്ന പുതിയ പദ്ധതി വന്‍ വിജയമെന്ന് മേഴ്‍സിഡസ് ബെന്‍സ്. ഡീലര്‍ഷിപ്പുകളുടെ ബിസിനസ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നുവെന്നും കമ്പനി

Mercedes Benz delivers over 1000 cars under its new direct to customer retail plan
Author
Mumbai, First Published Dec 5, 2021, 10:38 AM IST

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് (Mercedes Benz India) ഇന്ത്യയിൽ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുന്ന പദ്ധതി ഈ ഒക്ടോബറിലാണ് തുടങ്ങിയത്.  'റീട്ടെയ്ൽ ഓഫ് ദി ഫ്യൂച്ചർ' (Retail of the Future) എന്ന ഈ പുതിയ വിൽപ്പന മോഡലിലൂടെ 1,000ല്‍ അധികം കാറുകൾ നേരിട്ട് ഉപഭോക്താക്കള്‍ക്ക് കമ്പനി ഇതുവരെ വിറ്റതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 2,000-ത്തിലധികം ഓർഡറുകളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭിച്ചെന്നും കമ്പനി പറയുന്നു. 

2021 ഒക്ടോബറിൽ ആണ് മെഴ്‌സിഡസ് ബെൻസ് അതിന്‍റെ ഡീലര്‍ഷിപ്പിനുള്ള അവസാന മോഡൽ ഇന്ത്യയിലെ ഒരു അംഗീകൃത ഡീലർക്ക് കൈമാറിയത്. അതിനുശേഷം, കമ്പനി നേരിട്ട് ഉപഭോക്താക്കൾക്ക് കാറുകൾ വിൽക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ടെസ്റ്റ് ഡ്രൈവുകളുടെയും വാഹന ഡെലിവറിയുടെയും ചുമതല ഇപ്പോഴും ഡീലർഷിപ്പുകൾക്കു തന്നെയാണ്. ഒരു മാസത്തിനുള്ളിൽ, കാർ നിർമ്മാതാവിന് അതിന്റെ പുതിയ തന്ത്രത്തിന് കീഴിൽ 1,000-യൂണിറ്റ് വിൽപ്പന നാഴികക്കല്ല് മറികടക്കാൻ കഴിഞ്ഞു. അടുത്തിടെ ദില്ലിയിലെ ഒരു ഉപഭോക്താവിന് വിതരണം ചെയ്‍ത എ-ക്ലാസ് ലിമോസിനാണ് ഇത്തരത്തില്‍ വിറ്റ ആയിരാമത്തെ വാഹനം എന്ന് കമ്പനി പറയുന്നു.

ആയിരാമത്തെ മെഴ്‌സിഡസ്-ബെൻസ് ചുരുങ്ങിയ സമയത്തിനുള്ളിൽ റീട്ടെയ്ൽ ഓഫ് ദി ഫ്യൂച്ചർ (ROTF) പ്ലാറ്റ്‌ഫോമിന് കീഴിൽ എത്തിക്കുന്നത് സന്തോഷകരമാണെന്ന് ഇതുസംബന്ധിച്ച് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. ഉപഭോക്തൃ മികവ് പുനർനിർമ്മിക്കുന്നതിനുള്ള കാഴ്‍ചപ്പാടാണിതെന്നും ആഡംബര റീട്ടെയിലിന്റെ ഭാവി എന്ന നിലയിൽ പുതിയ പദ്ധതി കമ്പനിക്ക് അത്യധികം ആത്മവിശ്വാസം നൽകുന്നുവെന്നും ഉപഭോക്താക്കൾക്ക് ഈ പുതിയ റീട്ടെയിൽ അനുഭവം വളരെ ബോധ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ ബിസിനസ് മോഡലിന് കീഴിൽ, രാജ്യത്തുടനീളമുള്ള കാറുകളുടെ പൂർണ്ണമായ സ്റ്റോക്ക് മെഴ്‌സിഡസ് ബെന്‍സ് സ്വയം കൈകാര്യം ചെയ്യുന്നു. ഡീലർമാർക്ക് വാഹനം സ്വന്തമാക്കാന്‍ ഇതുമൂലം കനത്ത മൂലധന നിക്ഷേപം ആവശ്യമില്ലാതെയായി. അത് ഡീലര്‍ഷിപ്പുകളുടെ ബിസിനസ് പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നുവെന്നും മേഴ്‍സിഡസ് ബെന്‍സ് പറയുന്നു.

വിലകളും ഓഫറുകളും ഇപ്പോൾ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഉപഭോക്താക്കൾക്ക് വ്യക്തിഗത ഡീലർമാരുമായി വിലക്കിഴിവുകൾ ചർച്ച ചെയ്യാനും വില പേശാനും കഴിയില്ലെങ്കിലും, എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഏകീകൃത എക്‌സ്-ഷോറൂം വിലകൾ ഇത് ഉറപ്പ് നൽകുന്നു. ഉപഭോക്താവിന് നൽകുന്ന വാങ്ങൽ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഡീലർമാർ ഇപ്പോൾ പരസ്‍പരം മത്സരിക്കേണ്ടതുണ്ടെന്നും ഇത് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്നും മെഴ്‌സിഡസ് അധികൃതര്‍ അവകാശപ്പെടുന്നു. 

അതേസമയം 2022 ജനുവരി 1 മുതൽ വിവിധ മോഡലുകളുടെ എക്‌സ്-ഷോറൂം വില വർദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്. ഫീച്ചർ കൂട്ടിച്ചേർക്കലുകളുടെയും ഇൻപുട്ട് ചെലവുകളുടെയും ഫലമായി തിരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമാണ് ഈ വര്‍ദ്ധനവെന്ന് കമ്പനി അറിയിച്ചു. ഈ തിരഞ്ഞെടുത്ത മോഡലുകൾക്ക് മോഡലുകള്‍ക്ക് രണ്ട് ശതമാനം വരെ വില കൂടും.  

എന്നിരുന്നാലും, നിലവില്‍ 2021 മോഡല്‍ കാറുകൾ ബുക്ക് ചെയ്‍ത് കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് മെഴ്‌സിഡസ് വില പരിരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. എ-ക്ലാസ്, ജിഎൽഎ, ഇ-ക്ലാസ് എന്നിവ ഉൾപ്പെടുന്ന തിരഞ്ഞെടുത്ത ശ്രേണിയിലുള്ള കാറുകൾ 2021 ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. GLE 450, GLE 400d എസ്‌യുവികൾ ബുക്ക് ചെയ്‌ത് ഈ വർഷം ഏപ്രിൽ മുതൽ ഡെലിവറികൾക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്കും വില പരിരക്ഷയുടെ ഉറപ്പ്  കമ്പനി നൽകിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios