ദില്ലി: ദീപാവലിക്ക് രണ്ടുദിവസം മുമ്പുള്ള 'ധന്‍തെരാസ്' ദിനത്തില്‍ 600 കാറുകള്‍ വിറ്റഴിച്ച് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ്. മെഴ്‌സിഡസിന്റെ ഏറ്റവും പുതിയ മോഡലായ ജിഎൽഇ 3 ആണ് വിപണിയിലെത്തിക്കുന്നതിന് മൂന്ന് മാസം മുമ്പ് കമ്പനി ഉപയോക്താക്കള്‍ക്ക് കൈമാറിയിരിക്കുന്നത്.

ദില്ലി എന്‍സിആര്‍ മേഖലയിൽ ഉൾപ്പെടുന്ന ഗാസിയാബാദ്, നോയിഡ, ദില്ലി, ഫരീദാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റത്. 250ലധികം കാറുകളാണ് പ്രദേശത്ത് വിറ്റത്. മുംബൈയിലും ഗുജറാത്തിലുമായി 200ലധികം കാറുകളും വിറ്റിട്ടുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് ഒരൊറ്റ ദിവസംകൊണ്ട് വാഹനങ്ങൾ കൈമാറിയതെന്ന് കമ്പനി അറിയിച്ചു. ധന്‍തെരാസ് ദിനത്തില്‍ വാഹനം, സ്വര്‍ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നത് നല്ലതാണെന്നാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസം.

അതേസമയം, വിപണിയിലിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ എസ്‍യുവി മോഡലായ 'ജിഎല്‍ഇ'യുടെ ബുക്കിങ് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയുടെ മുന്നോടിയായി ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന.