ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്‍റെ പരിഷ്കരിച്ച ജിഎല്‍സി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  ജിഎല്‍സി 200 , ജിഎല്‍സി 220ഡി 4മാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ ലഭിക്കും. ജിഎല്‍സി 200 വേരിയന്റിന് 52.75 ലക്ഷം രൂപയും ജിഎല്‍സി 220ഡി 4മാറ്റിക് വേരിയന്റിന് 57.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.

പുതിയ എംബിയുഎക്‌സ് സിസ്റ്റത്തോടെ ഇന്ത്യയിലെത്തുന്ന ആദ്യ മെഴ്‌സിഡസ് മോഡലാണ് ജിഎല്‍സി ഫേസ്‌ലിഫ്റ്റ്. പുതിയ ഹെഡ്‌ലാംപുകള്‍, പരിഷ്‌കരിച്ച ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്‍ത ബംപര്‍, പുതിയ എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് എസ്‌യുവിയുടെ പുറമേ കാണുന്ന മാറ്റങ്ങള്‍.

പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു.പുതിയ എംബിയുഎക്‌സ് (മെഴ്‌സേഡസ് ബെന്‍സ് യൂസര്‍ എക്‌സ്പീരിയന്‍സ്) സിസ്റ്റം സഹിതം 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 64 നിറഭേദങ്ങളോടുകൂടിയ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, ഏഴ് എയര്‍ബാഗുകള്‍, വോയ്‌സ് കമാന്‍ഡ് സിസ്റ്റം എന്നിവ കാബിന്‍ വിശേഷങ്ങളാണ്.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാണ് പുതിയ ജിഎല്‍സി-ക്ലാസ് എസ്‌യുവിയുടെ ഹൃദയം. 168 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ എന്‍ജിനുമായി 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മെഴ്‌സേഡസ് ബെന്‍സിന്റെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമായ ‘4മാറ്റിക്’ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് 197 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ്. ജിഎല്‍സി 200 വേരിയന്റിന് ‘സ്റ്റാര്‍ ഈസ്’ സര്‍വീസ് പാക്കേജ് ലഭ്യമാണ്. രണ്ട് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ പാക്കേജിന് 66,000 രൂപ മുതലാണ് വില.

ബിഎംഡബ്ല്യു എക്‌സ്3, ഔഡി ക്യു5, വോള്‍വോ എക്‌സ്‌സി60, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നിവയാണ് പരിഷ്‌കരിച്ച ജിഎല്‍സി-ക്ലാസ് എസ്‌യുവിയുടെ മുഖ്യ എതിരാളികള്‍.