കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ വാഹന വ്യവസായം ഉള്‍പ്പെടെ സകല മേഖലകളും പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ കാലത്തും മികച്ച വില്‍പ്പന നേടിയിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിസിഡസ് ബെൻസ്. ഈ കാലയളവിൽ 2386 യൂണിറ്റ് വിൽപ്പനയുമായാണ് ബെന്‍സ് നേട്ടം കൈവരിച്ചത്.  

2020 ജനുവരി-മാർച്ച് കാലയളവിൽ 2386 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞതായി മേഴ്‍സിഡസ് ബെൻസ് ഇന്ത്യ അറിയിച്ചു. കൊവിഡ്-19 മഹാമാരി മൂലം നിലവിലെ ലോക്ക്ഡൗൺ ഉൾപ്പെടെ ശക്തമായ വിപണി വെല്ലുവിളികൾ നേരിടേണ്ടിവരുമ്പോഴും കമ്പനി ഇത്രയും വിൽപ്പന കൈവരിച്ചു. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് മാർച്ച് 25 ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും ഈ കണക്ക് കൈവരിക്കാനായത് നേട്ടമാണെന്നാണ് കമ്പനി പറയുന്നത്. 

കൊറോണ വൈറസ് മൂലമുണ്ടായ നിലവിലെ സാഹചര്യം കാരണം, 2019 അവസാനത്തോടെ തന്നെ മെഴ്‌സിഡസ് ബെൻസ് ഇത് ഓൺ‌ലൈൻ സെയിൽസ് പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇതാണ് കമ്പനിക്ക് ഗുണകരമായത്. 2020 ജനുവരിയിൽ GLE പുറത്തിറക്കി കമ്പനി പുതിയ കാർ ലോഞ്ചുകൾ ആരംഭിച്ചു, തുടർന്ന് ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോ 2020 -ൽ നിർമ്മാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന വാഹന നിരയും പ്രദർശിപ്പിച്ചിരുന്നു. തങ്ങൾ 2020 ആരംഭിച്ചത് ഉയർന്ന പ്രതീക്ഷയിലാണെന്നും നിലവിലുള്ളതും പുതുതായി അവതരിപ്പിച്ചതുമായ ഉൽ‌പ്പന്നങ്ങൾ കൊവിഡ്-19 സാഹചര്യം മൂലം വിൽ‌പന പൂർണ്ണമായും നിർ‌ത്തുന്നതുവരെ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു എന്നും മേഴ്‍സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് അഭിപ്രായപ്പെട്ടു. 

നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മെഴ്‌സിഡസ് ബെൻസ് കാറുകൾ ഓൺലൈനിൽ ബുക്ക് ചെയ്യാനും കാറുകൾക്ക് ഹോം ഡെലിവറി ഓപ്ഷനുകളും ലഭിക്കുന്നു. 2025 ഓടെ മൊത്തം വിൽപ്പനയുടെ വലിയൊരു ഭാഗം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നായിരിക്കുമെന്ന് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളുടെ പ്രതീക്ഷ.