മെഴ്‌സിഡസ് ബെൻസ് നിസാൻ മോട്ടോറിലെ 3.8% ഓഹരികൾ വിറ്റഴിച്ചു, ഇത് നിസാന്റെ ഓഹരി വിലയിൽ ഇടിവിന് കാരണമായി. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും വിപണി വിഹിതം കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം.
നിസാൻ മോട്ടോറിലെ 3.8 ശതമാനം ഓഹരികൾ മെഴ്‌സിഡസ് ബെൻസ് നിശബ്‍ദമായി ഒഴിവാക്കി. ഏകദേശം 325 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളാണ് വിറ്റത്. ഒരു ഓഹരിക്ക് 341.3 യെൻ എന്ന വിലയ്ക്കാണ് വിൽപ്പന നടത്തിയത്. ഇത് നിസ്സാൻ മുമ്പത്തെ ക്ലോസിംഗ് വിലയേക്കാൾ ആറ് ശതമാനം കുറവാണ്. ഈ നീക്കത്തോടെ നിസാൻ ഓഹരികൾ ഒറ്റ ദിവസം കൊണ്ട് ഏകദേശം ആറ് ശതമാനം ഇടിഞ്ഞു. സമീപ മാസങ്ങളിലെ ഏറ്റവും വലിയ ഇടിവാണിത്.
നിസാൻ വളരെക്കാലമായി ഒരു പ്രതിസന്ധി നേരിടുകയാണ്. ഒരുകാലത്ത് റെനോ-നിസ്സാൻ-മിത്സുബിഷി സഖ്യത്തിന്റെ പ്രധാന ഭാഗമായിരുന്ന ഈ ബ്രാൻഡ്, കാർലോസ് ഘോസിന്റെ കാലത്ത് ആഗോള വളർച്ചയുടെ ഉന്നതിയിൽ എത്തിയിരുന്നു. എന്നാൽ 2018 ൽ കാർലോസ് ഘോസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തതിനെത്തുടർന്ന് സഖ്യം വളരെയധികം ദുർബലപ്പെട്ടു.
അന്നുമുതൽ നിസ്സാൻ പ്രതിസന്ധിയിലാണ്. വിൽപ്പന ഇടിയുകയും വിപണി വിഹിതം കുറയുകയും ചെയ്തു. കമ്പനിക്ക് വലിയ തോതിൽ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു. ഈ വർഷം റെനോയും നിസ്സാനിലെ തങ്ങളുടെ ഓഹരി 15% ൽ നിന്ന് 10% ആയി കുറച്ചു, ഇത് ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ സൂചനയാണ്. 2025 ഏപ്രിൽ-ജൂൺ മാസങ്ങളിൽ നിസ്സാൻ 535 മില്യൺ ഡോളറിന്റെ നഷ്ടം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വിപണി മൂലധനം ഇപ്പോൾ 10 ബില്യൺ ഡോളറിൽ താഴെയാണ്.
2025 ഏപ്രിലിൽ ചുമതലയേറ്റ ശേഷം പുതിയ സിഇഒ ഇവാൻ എസ്പിനോസ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. വാർഷിക ഉൽപ്പാദന ശേഷി 3.5 ദശലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷം യൂണിറ്റായി കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസമയം, 2027 ആകുമ്പോഴേക്കും കമ്പനി ആഗോള അസംബ്ലി പ്ലാന്റുകളുടെ എണ്ണം 17 ൽ നിന്ന് വെറും 10 ആയി കുറയ്ക്കും.
അതേസമയം പോർട്ട്‌ഫോളിയോ മാനേജ്‌മെന്റിന്റെ ഒരു സാധാരണ കാര്യമാണ് എന്ന് മെഴ്‌സിഡസ് ബെൻസ് പറയുന്നു. എന്നാൽ നിസാനിലുള്ള മെഴ്‌സിഡസ് ബെൻസിന്‍റെ ആത്മവിശ്വാസം കുറയുന്നതായി വിപണി ഇതിനെ കാണുന്നു. സ്ഥാപന നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങിയെങ്കിലും, നിക്ഷേപകരുടെ ആത്മവിശ്വാസം ഇപ്പോഴും ദുർബലമാകുന്നതായി കാണപ്പെട്ടു. മുൻകാലങ്ങളിലെ പ്രശ്‍നങ്ങളിൽ നിന്നും കരകയറുക, നിലവിലെ മത്സരത്തിനെതിരെ പോരാടുക എന്നിങ്ങനെ നിലവിൽ നിസാൻ ഇപ്പോൾ ഇരട്ട വെല്ലുവിളിയാണ് നേരിടുന്നത്.
